പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പലിശരഹിത വായ്പ

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നാശനഷ്ടങ്ങളുണ്ടായവരെ സഹായിക്കാനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആരംഭിക്കുന്നു. പ്രളയത്തെത്തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങാനും ഉപജീവനത്തിനും ഒരു ലക്ഷം രൂപയാണ് പലിശ ഒഴിവാക്കി ബാങ്ക് വായ്പ നല്‍കുന്നത്. ഇതു സംബന്ധിച്ച നടപടികള്‍ക്ക് കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടറെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി.

റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീം എന്നാണ് സാമ്പത്തിക സഹായ പദ്ധതിയുടെ പേര്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10,000 രൂപയ്ക്ക് അര്‍ഹരായ ആളുകള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കുടുംബശ്രീ വഴിയാണ് വായ്പ നല്‍കുന്നത്. കുടുംബശ്രീ അംഗങ്ങളല്ലാത്തവര്‍ അംഗത്വമെടുക്കണം. വായ്പാ തിരിച്ചടവിന്റെ കാലാവധി 36 – 48 മാസമാണ്. വായ്പാ തിരിച്ചടവിന് ആറു മാസത്തെ മൊറട്ടോറിയം ബാങ്ക് ഏര്‍പ്പെടുത്തും. വായ്പയുടെ പലിശ 9%. പലിശയുടെ കണക്കുകള്‍ കുടുംബശ്രീ സമര്‍പ്പിക്കുന്ന മുറയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കും. ഇപ്പോള്‍ സഹകരണ ബാങ്കുകളുമായാണ് ധാരണയായിരിക്കുന്നത്. കുടുംബശ്രീയുടെ 75% അക്കൗണ്ടും സഹകരണ ബാങ്കുകളിലാണ്. പലിശ നിരക്ക് സംബന്ധിച്ച് മറ്റു ബാങ്കുകളുമായി ഈയാഴ്ച ചര്‍ച്ച നടത്തും.

കുറഞ്ഞ തുകയില്‍നിന്ന് കൂടിവരുന്ന രീതിയിലേക്കാണ് വായ്പാ തിരിച്ചടവ്. തിരിച്ചടവിന്റെ മേല്‍നോട്ടം കുടുംബശ്രീക്കായിരിക്കും. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരെ കുടുംബശ്രീയുടേയും സര്‍ക്കാരിന്റെയും എല്ലാ പദ്ധതികളില്‍നിന്നും ഒഴിവാക്കും. വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്താന്‍ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയെയും, കരാറിലേര്‍പ്പെടാന്‍ കുടുംബശ്രീ എക്‌സിക്യൂട്ടിവ് ഡയറക്ടറെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

pathram:
Leave a Comment