മുഖ്യമന്ത്രി ആവാന്‍ എനിക്കും വയലാര്‍ രവിക്കും ആഗ്രഹമുണ്ടായിരുന്നു, ഞങ്ങളെ വെട്ടിയത് ഒരേ ആള്‍

കൊച്ചി : തനിക്കു മുഖ്യമന്ത്രിയാവാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ഇതേ ആഗ്രഹമുണ്ടായിരുന്ന വയലാര്‍ രവിയെയും തന്നെയും വെട്ടിയത് ഒരാള്‍ തന്നെയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍. ഒരു കാരണവശാലും അത് ആരാണെന്നു വെളിപ്പെടുത്തില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു. മേഴ്സി രവി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയലാര്‍ രവിയുടെ സാന്നിധ്യത്തിലായിരുന്നു ശങ്കരനാരായണന്റെ വെളിപ്പെടുത്തല്‍.

താന്‍ മുഖ്യമന്ത്രിയാവാന്‍ നോക്കിയിരുന്നതാണ്. വയലാര്‍ രവിക്കും അതേ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ഞങ്ങളെ രണ്ടുപേരെയും ഒരാള്‍ തന്നെയാണ് തട്ടിയത്. ആ പേര് ഒരു കാരണവശാലും പറയില്ല. കുറച്ചുകാലം കൂടി ഇതില്‍ ചുറ്റിപ്പറ്റി നില്‍ക്കണമെന്നുണ്ട് ശങ്കരനാരായണന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍നിന്ന്ു തനിക്ക് കിട്ടാനുള്ളതെല്ലാം കിട്ടിയെന്ന് ശങ്കരനാരായണന്‍ പറഞ്ഞു. ഇനി ഒന്നും വേണ്ട. എന്നാല്‍, പ്രായമായെന്നു പറഞ്ഞ് ആളുകളെ മാറ്റി നിര്‍ത്തുന്നതിനോട് യോജിക്കാനാവില്ല. അത് കോണ്‍ഗ്രസിനു മാത്രമല്ല ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ചേര്‍ന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറുപ്പക്കാരും സ്ത്രീകളും മറ്റും പാര്‍ട്ടിയിലേക്ക് വരുന്നതിനെ ആരും തടയുന്നില്ല. എന്നാല്‍, നിങ്ങള്‍ക്ക് വയസ്സായി, അതുകൊണ്ട് പറ്റില്ലെന്ന് പറയരുത്. വീട്ടില്‍ കറന്റുപകരണങ്ങള്‍ വന്നെന്നു കരുതി പഴയ ചൂലും ഉരലും അമ്മിയുമൊന്നും എടുത്തു കളയരുത്. അത് വീടിന്റെ മൂലയില്‍ കിടന്നോളും. ഇപ്പോള്‍ കറന്റ് പോയപ്പോള്‍ എല്ലാവരും അമ്മിയന്വേഷിച്ച് പോയില്ലേ. അതുപോലെ ഉപയോഗം വരും. ഇനി ആവശ്യമില്ലെങ്കിലും അതവിടെ കിടന്ന് നശിച്ചുപോയിക്കോളും, എടുത്തു കളയേണ്ട- ശങ്കരനാരായണന്‍ പറഞ്ഞു.

കസേരയില്‍ ഇരിക്കുന്നവര്‍ അതിന്റെ വില മനസ്സിലാക്കാത്തതാണ് കോണ്‍ഗ്രസിന് ഇപ്പോഴത്തെ ഗതിവരാന്‍ കാരണമെന്ന് ശങ്കരനാരായണന്‍ കുറ്റപ്പെടുത്തി. ജാതി, മതം, പാരമ്പര്യം, വയസ്സ് എന്നിവ നോക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരെ ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കണം. ഇന്നയാള്‍ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചാല്‍ അരി വേകാന്‍ പോകുന്നില്ല. ഒന്നിച്ചുനിന്നാല്‍ ഇനിയും ശുക്രദശ വരും. ഇല്ലെങ്കില്‍ ശനിദശ തുടരും. കോണ്‍ഗ്രസിന്റെ നയമല്ല പ്രശ്നം, അതിലുള്ള ചില ക്ഷുദ്രജീവികളാണ്. മതേതരത്വം പകല്‍ മാത്രം പറഞ്ഞാല്‍ പോര, രാത്രിയിലും പറയണം. കോണ്‍ഗ്രസ് ഇല്ലാതായാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തേജസ്സ് ഇല്ലാതാകും. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് ജനാധിപത്യത്തിന്റെ പ്രാണവായു ശ്വസിച്ച് മരിക്കണമെന്നു മാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം ശങ്കരനാരായണന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment