പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി; ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി

ന്യൂഡല്‍ഹി: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. യോജിച്ചുള്ള വിധിയാണെന്ന് വിധി പ്രസ്താവം വായിക്കവേ ദീപക് മിശ്ര പറഞ്ഞു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവജ്യോത് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ ചരിത്രപരമായ വിധി. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് മൗലിക അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇതൊരു സമൂഹത്തിന്റെ പ്രശ്നമാണെന്നും സ്വവര്‍ഗരതി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവില്‍ 1861ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ 2013ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഈ വിധി റദ്ദാക്കി. ജസ്റ്റിസ് ജി എസ് സിങ്വി, ജസ്റ്റിസ് എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്.

സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കേണ്ടത് പാര്‍ലമെന്റാണെന്ന് ഹര്‍ജിക്കാരെ എതിര്‍ത്ത് ക്രൈസ്തവ സംഘനകള്‍ വാദിച്ചിരുന്നു. വ്യക്തമായ നിലപാട് അറിയിക്കാതെ 377ാം വകുപ്പ് റദ്ദാക്കണോ വേണ്ടയോ എന്നതില്‍ ഭരണഘടന ബെഞ്ച് ഉചിതമായ തീരുമാനം എടുക്കണം എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം. നാല് ദിവസം തുടര്‍ച്ചയായി വാദം കേട്ട ശേഷം കഴിഞ്ഞ ജൂലായ് 17നാണ് കേസ് വിധി പറയാന്‍ മാറ്റിവെച്ചത്.

pathram desk 1:
Related Post
Leave a Comment