പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാളിച്ച; ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുന്നില്ലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയെന്ന് വീണാ ജോര്‍ജ് എംഎല്‍എ. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ധനസഹായം വിതരണം ചെയ്യുന്നത് വൈകുന്നുവെന്നും ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികളോട് സഹകരിക്കുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു.

അതേസമയം പ്രളയത്തില്‍ പൈതൃകഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എന്‍ജിനീയര്‍ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാറിന് നല്‍കുമെന്ന് വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. പ്രളയത്തില്‍ ആറന്മുളയിലെ കണ്ണാടി നിര്‍മാണ യൂണിറ്റുകള്‍ക്കുണ്ടായ നാശനഷ്നടം വിലയിരുത്താന്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍. സദാശിവന്റെ നേതൃത്വത്തിലെത്തിയ സംഘത്തോടൊപ്പം വിവിധ യൂണിറ്റുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു എം.എല്‍.എ.

ജീവനോപാധി നഷ്ടമായ തൊഴിലാളികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സാംസ്‌കാരിക വകുപ്പ് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്തെ പൈതൃകഗ്രാമങ്ങളെല്ലാം റൂറല്‍ ആര്‍ട്ട് ഹബിന്റെ ഭാഗമാക്കി സംരക്ഷിക്കാന്‍ നടപടികള്‍ നടന്നുവരുകയാണെന്നും ഡയറക്ടര്‍ പറഞ്ഞു. വിനോദസഞ്ചാരം, സാംസ്‌കാരികം, വ്യവസായം എന്നീ മൂന്ന് മേഖലകളിലും സാധ്യതയുള്ള ഒന്നാണ് ആറന്മുള കണ്ണാടി. വിശ്വബ്രാഹ്മണ ആറന്മുള മെറ്റല്‍ മിറര്‍ നിര്‍മാണ സൊസൈറ്റിയുടെ കീഴില്‍ 22 യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

ബഹുഭൂരിപക്ഷം യൂനിറ്റുകളും പൂര്‍ണമായും നശിച്ചു. മന്ത്രി എ.കെ. ബാലന്റെ നിര്‍ദേശ പ്രകാരമാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ സന്ദര്‍ശനത്തിന് എത്തിയത്. ആറന്മുള പുഞ്ചയില്‍നിന്ന് മണ്ണെടുത്തായിരുന്നു കണ്ണാടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പ്രളയത്തില്‍ പുഞ്ച ചളി അടിഞ്ഞ് മണ്ണ് എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതുകൊണ്ട് മാന്നാറില്‍നിന്ന് താല്‍ക്കാലികമായി മണ്ണ് കൊണ്ടുവന്ന് നിര്‍മാണം നടത്താനാണ് തീരുമാനം.

pathram desk 1:
Related Post
Leave a Comment