കൂടുതല്‍ പീഡന കഥകള്‍ പുറത്തുവരുന്നു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക

തൃശൂര്‍: ഡിവൈഎഫ്ഐ നേതാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി വനിതാ പ്രവര്‍ത്തക. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഇരിങ്ങാലക്കുട സ്വദേശിയായ ഡി.വൈ.എഫ്.ഐ നേതാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ആര്‍.എല്‍.ജീവന്‍ലാലിനെതിരെ കാട്ടൂര്‍ പൊലീസ് കേസെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കാണ് യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ ജൂലൈ ഒന്‍പതിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. മെഡിക്കല്‍ പ്രവേശനത്തിന്റെ കോച്ചിങ്ങിന് സീറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് പോയിരുന്നു. പ്രവേശനം ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ആര്‍.എല്‍.ജീവലാലും കൂടെവന്നു. ഇരിങ്ങാലക്കുട എംഎല്‍എയുടെ ഹോസ്റ്റല്‍ റൂമിലായിരുന്നു താമസം. ഇതിനിടെയാണ് സ്ത്രീത്വത്തെ അപമാനിക്കും വിധം നേതാവ് പെരുമാറിയതെന്ന് വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തക കൂടിയായ പരാതിക്കാരി ഇക്കാര്യം പാര്‍ട്ടി കേന്ദ്രങ്ങളില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസെടുത്തിരിക്കുന്നത്. സംഭവം നടന്നത് തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലിലായതിനാല്‍ കേസ് അവിടേയ്ക്ക് മാറ്റേണ്ടി വരുമെന്ന് പൊലീസ് സൂചിപ്പിച്ചു.

pathram desk 1:
Related Post
Leave a Comment