തിരുവനന്തപുരം : പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലെ ചര്‍ച്ചയില്‍ എംഎല്‍എമാരായ സജിചെറിയാനെയും രാജു എബ്രാഹാമിനെയും പങ്കെടുപ്പിക്കാതിരുന്നതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സജി ചെറിയാനെയും രാജു എബ്രാഹാമിനെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാതിരുന്നതില്‍ അപാകതയില്ല. സിപിഎം മണ്ഡലം തിരിച്ചല്ല കാര്യങ്ങള്‍ കാണുന്നത്.
നിയമസഭയില്‍ ചര്‍ച്ചയില്‍ പ്രസംഗിക്കാതിരുന്നതില്‍ അവര്‍ക്ക് പരാതിയില്ല. പരാതി ഉണ്ടെങ്കില്‍ പറയാന്‍ നാക്കും ബുദ്ധിയും ഉള്ളവരാണ് അവരെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക വായ്പ എഴുതി തള്ളാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണം.പ്രതിപക്ഷം ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കുകയാണ്. അണക്കെട്ടിലെ വെള്ളമല്ല പ്രളയത്തിന് കാരണം. വിഎസ് അച്യുതാനന്ദന്റെ നിയമസഭാ പ്രസംഗത്തിലെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍, വികസന നയത്തിലെ വൈകല്യമല്ല ദുരന്തത്തിന് ഇടയാക്കിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സിപിഎമ്മില്‍ നിന്നും പതിനൊന്ന് പേരാണ് പങ്കെടുത്തത്. എന്നാല്‍ പ്രളയദുരിതം രൂക്ഷമായി അനുഭവിച്ച മണ്ഡലങ്ങളായ ചെങ്ങന്നൂര്‍, റാന്നി എന്നിവിടങ്ങളിലെ എംഎല്‍എമാരായ സജി ചെറിയാനെയും, രാജു എബ്രാഹാമിനെയും പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ നിന്നും സിപിഎം ഒഴിവാക്കിയിരുന്നു. ഇത് ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
പ്രളയം രൂക്ഷമായപ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് ഇരുവരെയും ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തെ വിളിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ ആയിരക്കണക്കിന് പേര്‍ മുങ്ങിച്ചാകുമെന്നായിരുന്നു സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നതാണ് റാന്നിയില്‍ പ്രളയം രൂക്ഷമാക്കിയതെന്ന് രാജു എബ്രാഹാമും പറഞ്ഞിരുന്നു. പിന്നീട് സിപിഎം അതൃപ്തി പ്രകടിപ്പിച്ചതോടെ, തങ്ങളുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് വ്യക്തമാക്കി ഇവര്‍ രംഗത്തുവരികയായിരുന്നു.
Leave a Comment