പുതിയ കാര്‍, ബൈക്ക് വാങ്ങുന്നവര്‍ക്ക് എട്ടിന്റെ പണി; വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം ദീര്‍ഘകാലത്തേക്ക് ഒന്നിച്ചടയ്ക്കണം

കൊച്ചി: സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി വന്‍ തുക ചെലവഴിക്കേണ്ടി വരും. പുതുതായി വാങ്ങുന്ന കാറുകള്‍ക്കു മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും പ്രീമിയം ഒന്നിച്ച് അടയ്ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നാളെ മുതല്‍ നടപ്പാകുന്നതിനാലാണിത്.

വാഹനം ആരെയെങ്കിലും ഇടിച്ചുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരമേകുന്നതും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വഴിയാണ്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. വര്‍ഷംതോറും ഇതു പുതുക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നതു കണക്കിലെടുത്താണ് ദീര്‍ഘകാല പ്രാബല്യമുള്ള പോളിസി നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

ഇന്‍ഷുറന്‍സ് നിയന്ത്രണ–വികസന അതോറിറ്റി (ഐആര്‍ഡിഎ) യാണ് തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രഖ്യാപിക്കുന്നത്. വാഹനം വാങ്ങുമ്പോള്‍ എടുക്കുന്ന കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് രണ്ടു ഘടകങ്ങളാണുള്ളത്. സ്വന്തം വാഹനത്തിന്റെ കേടുപാടിനോ നഷ്ടത്തിനോ ധനസഹായ പരിരക്ഷയേകുന്ന ഓണ്‍ ഡാമേജ് ഘടകം, ഈ വാഹനം മൂലം മറ്റു വ്യക്തികള്‍ക്കോ വസ്തുവകകള്‍ക്കോ ഉണ്ടാകുന്ന നാശനഷ്ടത്തിന് പരിഹാരമേകുന്ന തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്.

നാളെ മുതല്‍ ദീര്‍ഘകാല തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രാബല്യത്തിലാകുമെങ്കിലും ഓണ്‍ ഡാമേജ് കവറേജ്, നിലവിലുള്ളതുപോലെ, ഒറ്റ വര്‍ഷത്തേക്ക് എടുക്കാന്‍ അവസരമുണ്ടാകും.

കാറിന് മൂന്നു വര്‍ഷത്തേക്കും ടൂ വീലറിന് അഞ്ചു വര്‍ഷത്തേക്കും പ്രാബല്യത്തില്‍ ഓണ്‍ ഡാമേജും തേഡ് പാര്‍ട്ടിയും ചേര്‍ന്ന കോംപ്രിഹെന്‍സീവ് പോളിസികള്‍ അവതരിപ്പിക്കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

ഒരു വര്‍ഷം വാഹനത്തിന്റെ അറ്റകുറ്റപ്പണിക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം ‘നോ–ക്ലെയിം ബോണസ്’ ലഭിക്കുകയും ഓണ്‍ ഡാമേജ് പ്രീമിയം കുറയുകയും ചെയ്യും. ദീര്‍ഘകാല പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഈ കുറവുസാധ്യത കണക്കിലെടുക്കണമെന്ന് ഐആര്‍ഡിഎ നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലുള്ള വാഹനങ്ങള്‍ക്കും ദീര്‍ഘകാല പോളിസി നടപ്പാക്കാനാകുമോ എന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിശോധിക്കുന്നുണ്ട്.

pathram:
Leave a Comment