3000 രൂപ ചോദിച്ചയാള്‍ക്ക് 7000!!! 6000 ചോദിച്ചയാള്‍ക്ക് 8500!!! പണം പിന്‍വലിക്കാനെത്തിയവര്‍ക്ക് വാരിക്കോരി കൊടുത്ത് എ.ടി.എം കൗണ്ടര്‍

കിഴക്കമ്പലം: പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്കെല്ലാം കൂടുതല്‍ പണം നല്‍കി കാനറാ ബാങ്ക് എ.ടി.എം!. 3,000 രൂപ എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ലഭിച്ചത് 7,000 രൂപ. മറ്റൊരു വ്യക്തി ആവശ്യപ്പെട്ടത് 6,000 രൂപ. ലഭിച്ചത് 8,500 രൂപ. ചോദിച്ചവര്‍ക്കെല്ലാം കൂടുതല്‍ തുക നല്‍കുകയായിരുന്നു പട്ടിമറ്റത്തെ കാനറ ബാങ്കിന്റെ എടിഎം കൗണ്ടര്‍.

ബുധനാഴ്ച വൈകീട്ടോടെ മുടിക്കല്‍ സ്വദേശി റാഫി റഹ്മാന്‍ ഇവിടെ നിന്നും 3000 രൂപ എടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു 7000 രൂപ കിട്ടിയത്. 6,000 രൂപയായിരുന്നു വൈറ്റില സ്വദേശിയായ മാത്യു എബ്രഹാം ആവശ്യപ്പെട്ടത്. കിട്ടിയത് 8,500 രൂപയും.

സംഭവം ഉടനെ തന്നെ ഇരുവരും പട്ടിമറ്റം പൊലീസിനെ അറിയിച്ചു. അധികമായി ലഭിച്ച പണം ഇവര്‍ പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. പൊലീസ് ഇക്കാര്യം കാനറ ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ അറിയിച്ചു. അതോടെ ബാങ്ക്, ചോദിച്ചവര്‍ക്കെല്ലാം കൂടുതല്‍ പണം നല്‍കിയ എടിഎം കൗണ്ടര്‍ അടച്ചു. അധികമായി ലഭിച്ച പണം തിരികെ ഏല്‍പ്പിച്ച ഇരുവരേയും അഭിനന്ദിച്ചാണ് പൊലീസ് മടക്കിയത്

pathram desk 1:
Leave a Comment