ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല; നിര്‍മിച്ചാല്‍ തടയാനും സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ട് സര്‍ക്കാര്‍. ഇത്തരം സ്ഥലങ്ങളിലെ നിര്‍മാണം ശാസ്ത്രീയമായി പരിശോധിച്ച ശേഷം മതിയെന്നാണ് പുതിയ തീരുമാനം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സ്ഥലങ്ങളില്‍ തകര്‍ന്ന വീടുകളും കെട്ടിടങ്ങളും പുനര്‍നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ജില്ലാ, പ്രാദേശിക ഭരണസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ ശാസ്ത്രീയമായ പഠനത്തിലൂടെ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍ വീണ്ടും വീടുകളോ കെട്ടിടങ്ങളോ നിര്‍മ്മിക്കാന്‍ അനുവദിക്കരുതെന്നും അത്തരം നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ തടസ്സപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍, പോലീസ് ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്കയച്ച ഉത്തരവില്‍ പറയുന്നുണ്ട്.

ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പരിസ്ഥിതി ദുര്‍ബലമായ പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത്തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തത്കാലം അനുമതി നല്‍കേണ്ടതില്ലെന്ന ഉത്തരവാണ് ചീഫ് സെക്രട്ടറി നല്‍കിയിട്ടുള്ളത്.

എവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കാമെന്നതിനെ പറ്റി സര്‍ക്കാര്‍ ശാസ്ത്രീയ പഠനം നടത്തും. ഈ പഠനത്തിലൂടെ കണ്ടെത്തിയ സ്ഥലങ്ങളില്‍ മാത്രമേ ഇനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കു. മാത്രമല്ല പഠനത്തില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളില്‍ മേലില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ താത്കാലികമായെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത് തടയണമെന്ന് ജില്ലാകളക്ടര്‍മാരോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം മേഖലകളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായി ആളുകള്‍ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ മാപ്പിങ് നടത്തി നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ശാസ്ത്രീയമായ പരിശോധന നടക്കുക.

pathram:
Related Post
Leave a Comment