കൊച്ചി: പ്രളയത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ട കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ സ്ഥിതിയിലായി. ബുധനാഴ്ച ഉച്ചയ്ക്ക് 2.06ന് അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ (6ഇ 667) വിമാനമാണ് ആദ്യമെത്തിയത്. ഉച്ചയ്ക്ക് 3.25 നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോയാണ് ആദ്യമായി ടേക് ഓഫ് നടത്തിയത്. ആദ്യ ടേക് ഓഫിന് അപ്രതീക്ഷിതമായൊരു വിഐപി യാത്രക്കാരനുണ്ടായിരുന്നു; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സംസ്ഥാനത്തെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ബുധനാഴ്ച ഉച്ചയോടെ ഹെലിക്കോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു. വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണതോതില്‍ ആയതോടെ രാഹുല്‍ തുടര്‍യാത്ര കൊച്ചിയില്‍നിന്നുള്ള വിമാനത്തിലാക്കുകയായിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനായിരുന്നു തന്റെ സന്ദര്‍ശനമെന്നും ജനങ്ങള്‍ക്ക് എത്തിക്കാന്‍ കഴിയുന്ന സഹായങ്ങളെല്ലാം കോണ്‍ഗ്രസ് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മൂന്നൂറ് കോടിയോളം രൂപയുടെ നഷ്ടമാണ് വെള്ളപ്പൊക്കം മൂലം വിമാനത്താവളത്തിനുണ്ടായത്.
പെരിയാറില്‍ ജലനിരപ്പുയര്‍ന്ന് റണ്‍വേയിലും അനുബന്ധ ഭാഗങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് ഈമാസം പതിനഞ്ചിന് വിമാനത്താവളം അടക്കുകയായിരുന്നു. റണ്‍വേ, ഏപ്രണ്‍, ടെര്‍മിനല്‍ കെട്ടിടങ്ങള്‍, ലോഞ്ചുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചത്.
ആയിരത്തോളം തൊഴിലാളികളുടെ സഹായത്തോടെ ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചാണ് വിമാനത്താവളം പൂര്‍ണസജ്ജമാക്കുന്നത്. റണ്‍വേയിലും വിമാനത്താവള പരിസരങ്ങളിലും അടിഞ്ഞുകൂടിയ ചെളിയ യന്ത്രസഹായത്തോടെ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കേടുവന്ന എണ്ണൂറോളം റണ്‍വേ ലൈറ്റുകള്‍ പുനഃസ്ഥാപിച്ചു.
തകര്‍ന്ന മതിലുകള്‍ക്ക് പകരം രണ്ടര കിലോമീറ്ററോളം താല്‍ക്കാലിക ഭിത്തി സ്ഥാപിച്ചു. ജനറേറ്ററുകളിലേയും വൈദ്യുതിവിതരണ കേന്ദ്രത്തിലേയും തകരാറുകള്‍ പരിഹരിച്ചു. വിമാനത്താവളം പ്രവര്‍ത്തനസജ്ജമായ വിവരം എയര്‍ലൈന്‍ കമ്പനികളെ അറിയിച്ചിട്ടുണ്ട്.
Leave a Comment