ലാലേട്ടനും മമ്മൂക്കയും ഇപ്പോള്‍ ചെയ്യേണ്ടത് ഇതാണ്…! തുറന്ന കത്തുമായി ഡോക്ടര്‍

കൊച്ചി:കേരളത്തിന് വേണ്ടി ഒരു ഡോക്ടറുടെ അഭ്യര്‍ത്ഥന.പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആളുകളുടെ മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രസക്തിയും അതില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള ജനപ്രിയ താരങ്ങള്‍ക്കുള്ള പങ്കിനേയും കുറിച്ചാണ് ഡോ.സുല്‍ഫി നൂഹു ഓര്‍മ്മിപ്പിക്കുന്നത്.

ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ നിന്നും കര കയറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് കേരളം. വീടും വസ്തുവകകളും നഷ്ടപ്പെട്ട് ജീവന്‍ മാത്രം കൈയ്യില്‍ പിടിച്ച്, എത്രയോ ആയിരങ്ങള്‍. ഇവര്‍ക്ക് താങ്ങും തണലുമാകാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആളുകളും അര്‍ത്ഥവും എത്തുന്നു. ദുരിത സമയത്ത് മലയാളിയുടെ കൈ പിടിക്കാന്‍ അവര്‍ ഏറെ ആരാധിക്കുന്ന സിനിമാ താരങ്ങളുമുണ്ട്. സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയും സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുകയും ചെയ്തു. മലയാളത്തിന്റെ യുവ നിരയാകട്ടെ, രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിത ബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലും സജീവമായി.

25 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത മമ്മൂട്ടിയും (ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന്) മോഹന്‍ലാലും ഇനി ശ്രദ്ധ തിരിക്കേണ്ടത് ഒരു പ്രധാന മേഖലയിലേക്കാണ് കേരള സംസ്ഥാന സര്‍വീസില്‍ ജോലി ചെയ്യുന്ന ഡോ. സുല്‍ഫി നൂഹു വിരല്‍ ചൂണ്ടുന്നത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ആളുകളുടെ പുനരധിവാസത്തില്‍, അവര്‍ക്ക് നഷ്ടപ്പെട്ട മാനസിക ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ പ്രസക്തിയും അതില്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള ജനപ്രിയ താരങ്ങള്‍ക്കുള്ള പങ്കിനേയും കുറിച്ചാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നത്.

ലാലേട്ടനും മമ്മൂക്ക്ക്കും ഒരു തുറന്ന കത്ത്
________________________________________

പ്രിയ ലാലേട്ടാ ,മമ്മുക്ക,

സുഖമാണെന്നു കരുതുന്നു .

കേരളം എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന കാലമാണ്‌ ഓണക്കാലം .കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളിൽ .ഇക്കൊല്ലവും അതേ .

എന്നാൽ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്.10 ലക്ഷം ആൾക്കാർ ദുരിതാശ്വാസ ക്യാമ്പിൽ ആയിരുന്നു. കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ.ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പൊയി. ബാക്കിയുള്ളവർ അതിന്റെ തയ്യാറെടുപ്പിലാണ്. വീട് നഷ്ടപ്പെട്ടവർ അവിടെ തങ്ങാനാണ് സാധ്യത.

ഒരുപക്ഷേ ആദ്യ ദിവസങ്ങളിൽ
കേരള തീരത്തിലെ മൽസ്യ തൊഴിലാളി കൾ ചെയ്ത ജീവൻ രക്ഷാ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിഞ്ഞിരുക്കുന്നു..ജീവൻ പണയംവച്ചു ജീവനുകൾ തിരിച്ചു പിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്.

എല്ലാവരെയും പോലെ കേരളത്തിലെ ആയിരകണക്കിന് ഡോക്ടർമാരും ഐ.എം.എ യുടെ നേതൃത്വത്തിൽ ദുരിതാശ്വാസ മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ഐ.എം.എ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികളിൾ ഉണ്ടാകാൻ സാധ്യത ഉണ്ട്.

അതോടൊപ്പം ഇതിൽ പലരും കടുത്ത മാനസിക ആഘാതം നേരിടാൻ സാധ്യത ഉള്ളവരാണ്.പോസ്റ് ട്രൗമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ട്.

അപ്പൊ ഞാൻ പറഞ്ഞു വന്നത് ,കേരളം എന്നും നെഞ്ചോടു ചേർത്തു പിടിച്ചിട്ടുള്ള നിങ്ങൾ രണ്ടു പേരും ,ലാലേട്ടനും മമ്മുക്കയും ഇതിൽ ഒന്നു പങ്കാളികളാകണം.നിങ്ങൾ ഇതിനു തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനം ആകും .

ഈ ഓണക്കാലത്ത് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ തൊട്ടടുത്ത മെഡിക്കൽ ക്യാമ്പിലോ പ്രളയബാധിദരുടെ വീടുകളിലോ ഒന്നു വരണം .ഒരു പാട്ട് പാടണം. പറ്റുമെങ്കിൽ ഒരു സദ്യ ഉണ്ണെണം. ഒരല്പസമയം ചിലവഴക്കണം.അവരെ ഒന്നു ചിരിപ്പിക്കണം.ഒന്നു സന്തോഷിപ്പിക്കണം.

മമ്മൂക്ക ,ഒരു പക്ഷേ പകർച്ചവ്യാധികളിലേക്ക് അവർ പോകില്ലായിരിക്കാം.മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ആരോഗ്യ നിലവാരവും ,ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും.

ലാലേട്ടാ ,ഒരു പക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയെക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.

അതുകൊണ്ടു ഒന്നു വരണം .ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാമ്പിലും ഉണ്ടാകും .മാനസിക രോഗ വിദഗ്ധർ ഉൾപ്പെടെ.

നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്സിലിംഗ്‌.

കേരളത്തിന്റെ രണ്ടു വല്യേട്ടൻന്മാരും ആവശ്യപെടണം ,എല്ലാവരും അതിനോട് ചേരാൻ .,ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ.
അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ!

ഈ കാലമൊക്കെയും ഇടനെഞ്ചിൽ നിങ്ങളെ ചേർത്തു പിടിച്ച മലയാളികളോടൊപ്പം നിൽക്കാൻ വരണം .

അപ്പൊ വരുമല്ലോ

സസ്നേഹം

ഡോ.സുൽഫി നൂഹു .

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

pathram desk 2:
Related Post
Leave a Comment