പരീക്ഷയ്ക്ക് ഇനി ‘ബൈഹാര്‍ട്ട് പഠിച്ച് പോയിട്ട് കാര്യമില്ല. സിബിഎസ്ഇ സിലബസ് പഠിക്കുന്ന വിദ്യാര്‍ഥികളുടെ പരീക്ഷാ രീതി യാണ് അടിമുടി മാറ്റത്തിന് ഒരുങ്ങുന്നത്. 10, 12 ക്ലാസുകളിലെ പരീക്ഷാ ചോദ്യപേപ്പറിലാണ് സമൂല മാറ്റങ്ങള്‍ക്ക് സിബിഎസ്ഇ തയാറാകുന്നത്. വൊക്കേഷനല്‍ പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്തി പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കുന്ന തരത്തില്‍ 2020 മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്താനാണു പദ്ധതി. കാണാപ്പാഠം പഠിച്ച് എഴുതുന്ന രീതിക്കു തടയിട്ടു വിദ്യാര്‍ഥികളുടെ അപഗ്രഥനശേഷി അളക്കുന്ന തരത്തിലാകും ചോദ്യങ്ങള്‍.
ഒന്നുമുതല്‍ അഞ്ചു വരെ മാര്‍ക്കു ലഭിക്കുന്ന ചെറു ചോദ്യങ്ങള്‍ കൂടുതലുണ്ടാകും. കുട്ടികളുടെ ചിന്താശേഷിയും പ്രായോഗികക്ഷമതയും പരിശോധിക്കുന്നതിനാണ് ഊന്നല്‍. കാണാപ്പാഠം പഠിച്ചു മാര്‍ക്കുവാങ്ങുന്നതു പൂര്‍ണമായും അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നാലു മാസത്തോളമെടുക്കുമെങ്കിലും ചോദ്യപേപ്പറുകളുടെ രീതി 2020 മുതല്‍ മാറ്റുന്നതിനുള്ള ജോലി ബോര്‍ഡ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഗുണനിലവാരം അനുസരിച്ചു മാത്രം സ്‌കൂളുകള്‍ക്ക് അംഗത്വമോ അംഗത്വം പുതുക്കി നല്‍കലോ ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ സിബിഎസ്ഇ ബൈലോയും ബോര്‍ഡ് മന്ത്രാലയത്തിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ അതത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളെയാകും ആശ്രയിക്കുക.
Leave a Comment