കന്യാസ്ത്രീയുടെ കൈയ്യില്‍ മൈലാഞ്ചിയിട്ട് ഇസ്ലാം മത വിശ്വാസി, മതസൗഹ്യദത്തിന്റെ കാഴച്ചകള്‍ ഒരുക്കി ദുരിതാശ്വാസ ക്യാമ്പുകള്‍

കൊച്ചി: പ്രളയം സര്‍വ്വവും നശിപ്പിച്ച് പോയി! സങ്കടക്കടലിലാണ് പലരും ദുരിതാശ്വാസ ക്യാംപുകളില്‍ എത്തിയത്. അവരെ കരയിക്കാതെ ചിരിപ്പിച്ച ആള്‍ക്കാരുണ്ട്. അവരാണ് മലയാളിയെ ലോക സമൂഹത്തിന് മുന്നില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പങ്കുവയ്ക്കലിന്റെയും മതേതരത്വത്തിന്റെയും അടയാളമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.

ത്യാഗത്തിന്റെ ഓര്‍മ്മപുതുക്കല്‍ ദിനമായി ഇസ്ലാം മത വിശ്വാസികള്‍ ആചരിക്കുന്ന വലിയ പെരുന്നാളാണ് ഇന്ന്. എന്നാല്‍ ആഘോഷത്തില്‍ മതിമറന്നിരിക്കുകയല്ല കേരളത്തില്‍ ഇസ്ലാം മതവിശ്വാസികള്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അവര്‍. കാരണം മതവും ദൈവവും മനുഷ്യനന്മയ്ക്കാണെന്ന് വ്യക്തമായി പഠിച്ചവരും ലോകത്തെ പഠിപ്പിക്കുന്നവരുമാണ് അവര്‍. കൊടുങ്ങല്ലൂരിലെ കുലശേഖരപുരത്തെ സാന്റാ മരിയം സ്‌കൂളിലും ദുരിതാശ്വാസ ക്യാംപുണ്ട്. കൊടുങ്ങല്ലൂരിലെ പ്രധാന സ്ത്രീ കൂട്ടായ്മയായ സധൈര്യത്തിനാണ് ക്യാംപിന്റെ കോര്‍ഡിനേഷന്‍ ചുമതല. നൈജു ഇസ്മായിലാണ് കോര്‍ഡിനേറ്റര്‍. മാല്യങ്കര, മടപ്ലാത്തുരുത്ത് മേഖലകളില്‍ നിന്ന് വെളളപ്പൊക്കത്തില്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടവരാണ് ഈ ക്യാംപിലെത്തിയത്. സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ താമസം ഒരുക്കിയത്. പുരുഷന്മാര്‍ തൊട്ടരികെയുളള ബിബിഎസ് ഹാളിലാണ് കഴിഞ്ഞത്.

സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് ഇവിടെ വോളന്റിയര്‍മാരും ദുരിതബാധിതരും കഴിയുന്നത്. ഇന്നലെ രാത്രി ഭക്ഷണത്തിനുളള പച്ചക്കറികള്‍ അരിഞ്ഞുവച്ച ശേഷമാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മൈലാഞ്ചിയിട്ടാലോ എന്ന ആശയം പുറത്തേക്ക് വന്നത്. ഇതോടെ ആളുകള്‍ക്കെല്ലാം ആവേശമായി. ഈ കൂട്ടത്തിലെ ദുരിതബാധിതര്‍ക്കൊപ്പം ക്യാമ്പിലെത്തിയ മടപ്ലാത്തുരുത്തിലെ സന്യാസിനി സമൂഹത്തിലെ അംഗങ്ങളും ചേര്‍ന്നു. ആ ചിത്രം പകര്‍ത്തിയ ഒരാളത് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു. പ്രളയകാലത്തെ മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുന്ന സുന്ദര ചിത്രങ്ങളിലൊന്നായി അത് മാറി. ജാതിമത വേര്‍തിരിവുകളില്ലാതെ ഇസ്ലാം മത വിശ്വാസിയായ നൈജു, ക്രൈസ്തവ മത വിശ്വാസിയായ കന്യാസ്ത്രീയുടെ കൈയ്യില്‍ മൈലാഞ്ചിയിട്ടു.

”അവര്‍ക്ക് സങ്കടങ്ങള്‍ മറക്കാനും സന്തോഷമായിരിക്കാനും എന്തൊക്കെ ചെയ്യണോ, അതെല്ലാം ചെയ്യുകയാണ് ഞങ്ങളുടെ ചുമതല. ഭക്ഷണം വസ്ത്രം, സമാധാനം, സന്തോഷം എല്ലാം നല്‍കേണ്ടതും, സഹായം നല്‍കേണ്ടതും ഞങ്ങളുടെ ചുമതലയാണ്. അതില്‍ എല്ലാവരും പങ്കാളികളാവുന്നത് കൂടുതല്‍ സന്തോഷകരം എന്നല്ലാതെ എന്ത് പറയാന്‍? ചെറുപ്പക്കാര്‍ കുട്ടികളൊക്കെ ക്യാംപില്‍ ഓടിച്ചാടി പണിയെടുക്കുകയാണ്. അവര്‍ക്ക് സാമൂഹ്യബോധമില്ലെന്നാണ് നമ്മള്‍ പറയാറുളളത്. അത് ശരിയല്ലെന്ന് ഈ ദുരിതകാലത്തെ അനുഭവം കൊണ്ട് മാത്രം പറയാന്‍ കഴിയും,” നൈജു പറഞ്ഞു.

pathram desk 2:
Related Post
Leave a Comment