500 കോടി അപര്യാപ്തം, കേരളത്തിന് 2000 കോടി അടിയന്തര സഹായം നല്‍കണം; യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരസഹായമായി 2000 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്ത് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച 500 കോടിയുടെ സഹായം തീരെ അപര്യാപ്തമാണ്. 10 ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പകുളില്‍ കഴിയുന്നത്.

രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസപ്രവര്‍ത്തനവും മികച്ച രീതിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, വീടും ജീവിതസമ്പാദ്യവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് വന്‍തോതില്‍ വിഭവങ്ങള്‍ ആവശ്യമാണ്. ലക്ഷകണക്കിന് വീട് നിര്‍മിക്കേണ്ടിവരും. ഇതിനായി പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍നിന്ന് കൂടുതല്‍ ഫണ്ട് അനുവദിക്കണം. വീടുകളുടെ നിര്‍മാണത്തിന് കേന്ദ്രം ഐക്യരാഷ്ട്ര സംഘടനയുടെ സഹായം തേടണം.

സംസ്ഥാനത്തെ നൂറുകണക്കിനു റോഡ് തകര്‍ന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായി. ദേശീയപാതാ അതോറിറ്റിയും ഇതര ഏജന്‍സികളും കേരളത്തിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കണം. റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ആര്‍മി എന്‍ജിനിയറിങ് വിഭാഗത്തെയും അതിര്‍ത്തി റോഡ് നിര്‍മാണ ഏജന്‍സിയെയുംപോലെ പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പത്തുള്ളവരെ നിയോഗിക്കണം.

പ്രളയജലം ഇറങ്ങുമ്പോള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനെ സഹായിക്കണം. സംസ്ഥാനം നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന്റെ മെഡിക്കല്‍ വിഭാഗത്തെയും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്നുള്ള സംഘങ്ങളെയും നിയോഗിക്കണം. ലോകാരോഗ്യ സംഘടനയുടെ സഹായം തേടണം.

ഇപ്പോഴത്തെ വെല്ലുവിളി നേരിടുന്നതില്‍ കേരളജനത അസാമാന്യമായ കരുത്തും ഐക്യദാര്‍ഢ്യവുമാണ് പ്രകടിപ്പിച്ചത്. ലോകമെമ്പാടുനിന്നും പണവും ഇതരവിഭവങ്ങളും കേരളത്തിലേക്ക് പ്രവഹിക്കുന്നു. അടിയന്തര ദുരിതാശ്വാസപുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന സാമഗ്രികള്‍ക്കുള്ള ഇറക്കുമതി തീരുവ ഒഴിവാക്കണമെന്നും യെച്ചൂരി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment