2004 വരെ ഇന്ത്യ സഹായം സ്വീകരിച്ചിരിന്നു; വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ വ്യവസ്ഥയില്ലെന്ന വാദം തെറ്റ്. 2004വരെ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിച്ചിരുന്നു. സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ല കേന്ദ്ര സര്‍ക്കാര്‍ വഴിയാണ് വിദേശ സഹായം സ്വീകരിക്കുക.

2004ല്‍ ബിഹാറിലെ ദുരന്തനിവാരണത്തിനാണ് ഇന്ത്യ അവസാനമായി വിദേശ രാജ്യങ്ങില്‍ നിന്ന് സഹായം സ്വീകരിച്ചത്. ഇതിന് ശേഷം സുനാമി ദുരന്ത കാലത്ത് വിദേശ സഹായം ആവശ്യപ്പെടേണ്ട എന്നൊരു നയം രാജ്യമെടുത്തിരുന്നു. എന്നാല്‍, ഇത് നിയമമായി നിലവില്‍ വിന്നിട്ടില്ല. സഹായം അങ്ങോട്ട് ആവശ്യപ്പെടേണ്ട എന്നതൊഴിച്ചാല്‍ ഏതെങ്കിലും രാജ്യം സഹായം വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കുന്നതില്‍ നിലവില്‍ ഒരു തടസവുമില്ല. 2016ലെ ദേശീയ നയത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന 700 കോടിയുടെ സഹായം സ്വീകരിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 15 വര്‍ഷമായി തുടര്‍ന്നു വരുന്ന വിദേശ നയം മാറ്റേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. യുഎഇയെ കൂടാതെ ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ ഐക്യരാഷ്ട്ര സഭയും സഹായവും വാഗ്ദാനം ചെയ്തെങ്കിലും അതും കേന്ദ്രം നിരസിക്കുകയായിരുന്നു.

സുനാമിയുണ്ടായപ്പോള്‍ വിദേശസഹായം വേണ്ടെന്നാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും നിലപാടെടുത്തത്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോള്‍ ജപ്പാനും അമേരിക്കയും സഹായം നല്‍കാന്‍ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചിരുന്നു. വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയെന്ന നിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയില്‍ ദുരന്തങ്ങളെ മറികടക്കുകയെന്നതാണ് ഇന്ത്യ പിന്തുടരുന്ന നയം.

pathram desk 1:
Leave a Comment