കെവിനെ ഓടിച്ചിട്ട് പുഴയില്‍ ചാടിച്ചു, നീനുവിന്റെ സഹോദരന്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയുള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് 85ാം ദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഏറ്റമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മുഖ്യ സൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ്. വൈരാഗ്യത്തിന് കാരണം കെവിനും നീനുമായുള്ള ബന്ധമാണ്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചേര്‍ത്തിട്ടുള്ളത്. 186 സാക്ഷികളും 118 രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം. പ്രദേശത്ത് പുഴ ഉണ്ട് എന്നറിയുന്ന പ്രതികള്‍ കെവിനെ ഓടിച്ച് പുഴയില്‍ ചാടിക്കുകയായിരുന്നു. നീനുവിന്റെ ബന്ധു നിയാസ് ഉള്‍പ്പടെയുള്ളവരാണ് ആയുധങ്ങളുമായി പിന്തുടര്‍ന്ന് കെവിനെ ഓടിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നത്.

കെവിന്‍ കേസില്‍ ഈ മാസം 27ന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കേസില്‍ നിര്‍ണായ തെളിവുകളാണ്.

pathram desk 2:
Related Post
Leave a Comment