ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായവുമായി ഫേസ്ബുക്ക്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ഫേസ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘ഗൂണ്‍ജ്’ വഴി ഫണ്ട് ഫേസ്ബുക്ക് കൈമാറിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന മേഖലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ഗൂണ്‍ജ്.
പ്രളയം രൂക്ഷമായ സാഹചര്യങ്ങളില്‍ ആളുകളെ രക്ഷിക്കുന്നതിലും ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിനും സഹായങ്ങള്‍ എത്തിച്ച് കൊടുക്കുന്നതിലും ഫേസ്ബുക്ക് നിര്‍ണ്ണായക പങ്കാണ് വഹിച്ചതെന്ന് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഫേസ്ബുക്കില്‍ ദുരന്തനിവാരണത്തിനായുള്ള പേജുകളും ഗ്രൂപ്പുകളും നിര്‍മ്മിച്ച് അവയിലൂടെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കൈമാറിയതും ലൈവ് വീഡിയോകള്‍ വഴിയും ചിത്രങ്ങള്‍ വഴിയും ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായതും രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതില്‍ ഒരു പരിധി വരെ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് ലൈവിലൂടെയാണ് നിരവധി പേര്‍ സഹായം അഭ്യര്‍ഥിച്ചത്. നിശ്ചിത സമയങ്ങളില്‍ സഹായം എത്തിക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിനും, ഭക്ഷണ വിതരണത്തിനും, വൈദ്യസഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഫേസ്ബുക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
Leave a Comment