പ്രളയദുരന്തം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം പ്രശംസനീയം

കൊച്ചി: സംസ്ഥാനത്തുണ്ടായ പ്രളയദുരന്തം നേരിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി ഹൈക്കോടതി. മത്സ്യത്തൊഴിലാളികളുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കാട്ടിയ ആര്‍ജവം തുടരണമെന്നും കോടതി പറഞ്ഞു.

പ്രളയക്കെടുതി ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ എ എ ഷിബി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മനുഷ്യസാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തതായി കോടതി വിലയിരുത്തി. ദുരിതാശ്വാസപ്രവര്‍ത്തനവും പുനര്‍നിര്‍മാണവും ഏറ്റവും സുതാര്യമാകണം. എന്തൊക്കെ കാര്യങ്ങള്‍ചെയ്തു, ഇനി ചെയ്യാനുള്ള കാര്യങ്ങളെന്ത് തുടങ്ങിയ വിവരങ്ങള്‍ ജനങ്ങളെ സമയാസമയം അറിയിക്കണം. 40 ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ അച്ചടിച്ചുകഴിഞ്ഞ വിവരം മുഖ്യമന്ത്രി ജനങ്ങളെ അറിയിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരം ഉറച്ച തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പുനര്‍നിര്‍മാണ കര്‍മപദ്ധതിക്കു വൈകാതെ തുടക്കംകുറിക്കണം. നാശനഷ്ടം കൃത്യമായി വിലയിരുത്തണം. തുടക്കത്തിലേ നഷ്ടം വിലയിരുത്തിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തടസ്സപ്പെടുമെന്നും പ്രകൃതിദുരന്തം അതിജീവിച്ചവര്‍ മറ്റൊരു ദുരന്തത്തിന് ഇരയാകുമെന്നും കോടതി പറഞ്ഞു.

pathram desk 1:
Related Post
Leave a Comment