പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എംപിമാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണം, കത്തയച്ച് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളം അതിജീവനത്തിലേക്ക് കരകയറുമ്പോള്‍ കൈതാങ്ങുമായി പാര്‍ലമെന്റ്. പാര്‍ലമെന്റ് എംപിമാര്‍ ഒരുമാസത്തെ ശമ്പളം കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്ന് ഉപരാഷ്ട്രപതിയും സ്പീക്കറും വ്യക്തമാക്കി. എംപി ഫണ്ട് ഒരു കോടി രൂപവരെ ചെലവഴിക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതിയും സ്പീക്കറും എംപിമാര്‍ക്ക് കത്തയച്ചു.

അതീവ ഗുരുതര ദുരന്തമായി സംസ്ഥാനത്തെ പ്രളയത്തെ പ്രഖ്യാപിച്ചതോടെ ഒരു കോടി രൂപവരെ ദുരിതാശ്വാസമായി എം.പിമാരുടെ ഫണ്ടില്‍ നിന്നും വിനയോഗിക്കാന്‍ സാധിക്കും.നേരത്തെ കേരളത്തിലെ മഹാപ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും അതീവ ഗുരുതര ദുരന്തമായിട്ടാണ് പരിഗണിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

ലെവല്‍ മൂന്ന് (എല്‍ത്രീ) ഗണത്തിലാണ് കേന്ദ്രം കേരളത്തിലെ പ്രളയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി

pathram desk 2:
Related Post
Leave a Comment