കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ അപഹാസം നിറഞ്ഞ കമന്റടിച്ച എത്തിയ യുവാവിന് ജോലി പോയി. മസ്‌കറ്റില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത രാഹുല്‍ സിപി പുത്തലാത്തിനെയാണ് കമ്പനി പുറത്താക്കിയത്. രാഹുലിനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.
ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സിപി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്.
ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാനിട്ടറി നാപ്കിന്‍ വേണമെന്ന പോസ്റ്റിനു താഴെ, നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. സംഭവം വിവാദമായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് പറഞ്ഞു. പക്ഷേ ലുലു ഗ്രൂപ്പിന്റെ പേജില്‍ രാഹുലിനെ പിരിച്ചു വിടണമെന്നാവശ്യം ശക്തമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.
കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ടത് അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സിഎംഡി യൂസഫലിയും ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞു.
സംസ്ഥാനം കടന്നും ഒഴുകിയ കാരുണ്യത്തിന്റെ കാഴ്ചകളില്‍ അശ്ലീലം നിറച്ച യുവാവിന് സമൂഹമാധ്യമങ്ങളില്‍ ശകാരം നിറഞ്ഞിരുന്നു. രാഹുല്‍ സിപി പുത്തലാത്ത് പിന്നാലെ ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ മാപ്പ് അപേക്ഷ ഇങ്ങനെ:
കേരളത്തിലെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഭാഗത്തിന്ന് ഒരു തെറ്റ് പറ്റി പോയി. എന്റെ അറിവില്ലായ്മകൊണ്ട് പറ്റിപോയതാണ്, എന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു. അത്തരമൊരു പോസ്റ്റിട്ടതിന് ശേഷം എന്റെ സുഹൃത്തുക്കളും അല്ലാതെയുള്ളവരും ഫെയ്‌സ്ബുക്കിലൂടെ തെറി വിളിക്കുന്നുണ്ട്.
ആ കമന്റിട്ട സമയത്ത് ഞാന്‍ സ്വബോധത്തില്‍ അല്ലായിരുന്നു. മദ്യപിച്ചിരുന്നു. എന്റെ ജോലി മിക്കവാറും പോകും. ഇനി മേലാല്‍ ഫെയ്‌സ്ബുക്കിലൂടെയോ അല്ലാതെയോ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ലെന്ന് ആണയിടുന്നു. എല്ലാവരും ക്ഷമിക്കണം.
Leave a Comment