നാടിനെ വെറുപ്പിച്ച തമ്മനം ഷാജി പോലും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവം; ആവശ്യങ്ങള്‍ അറിയിച്ച് ജയസൂര്യ

കൊച്ചി: പ്രളയദുരന്തത്തില്‍ സംസ്ഥാനത്തുടനീളം ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഇപ്പോഴും ആവശ്യമുണ്ടെന്ന് അറിയിച്ച് രക്ഷാപ്രവര്‍ത്തകരും വളണ്ടിയര്‍മാരും. എറണാകുളത്ത് അടക്കമുളള നിരവധി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന കെട്ടിടങ്ങളിലേക്കും ഭക്ഷണം, വസ്ത്രം, സാനിറ്ററി നാപ്കിനുകള്‍, കുടിവെള്ളം അടക്കമുളളവ ആവശ്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവര്‍ക്ക് സഹായവുമായി ചലച്ചിത്ര താരങ്ങളും രംഗത്തുണ്ട്.

കൊച്ചിയിലെ തമ്മനം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ആസിഫ് അലി, ഷംന കാസിം, ജയസൂര്യ, അജുവര്‍ഗീസ് എന്നിവരും പങ്കാളികളായി. തമ്മനത്തെ ക്യാംപില്‍ ഇപ്പോഴും ഭക്ഷണം ആവശ്യമുണ്ടെന്ന് ജയസൂര്യ വ്യക്തമാക്കി. നാടിനെ വെറുപ്പിച്ച തമ്മനം ഷാജി പോലും ഇപ്പോള്‍ ദുരുതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമാണെന്ന് ജയസൂര്യ തമാശയായി പറഞ്ഞു. കൊച്ചിയിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റേയും അന്‍പോടു കൊച്ചിയുടേയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍.

സിനിമാ താരങ്ങളായ പാര്‍വ്വതി, ഇന്ദ്രജിത്, പൂര്‍ണിമ ഇന്ദ്രജിത്, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സരയു എന്നിവരും അന്‍പോടു കൊച്ചിയുടെ ഭാഗമാണ്. ദിലീപ്, അമലാ പോള്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും ബെഡ്ഷീറ്റുകളും വാങ്ങി നല്‍കി. ഷൂട്ടിങിനിടെ കൈക്ക് സംഭവിച്ച പരുക്കിനെ അവഗണിച്ചാണ് നടി അമലപോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. പുതപ്പുകള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിവയുമായി അമല തന്നെ ക്യാമ്പുകളില്‍ നേരിട്ടെത്തി. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

pathram desk 2:
Related Post
Leave a Comment