ദയവ് ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞങ്ങളെ ഒന്നു സഹായിക്കൂ.. പ്ലീസ്… സഹായം അഭ്യര്‍ത്ഥിച്ച് എം.എല്‍.എ

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ആയിരങ്ങളാണ് സഹായം കാത്ത് കുടുങ്ങിക്കിടക്കുന്നത്. രാത്രി ഹെലികോപ്റ്റര്‍ ഉള്‍പ്പെടുത്തി രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്ന് സൈന്യം അറിയിച്ചതോടെയാണ് സ്ഥിതി കൂടുതല്‍ ഗുരുതരമായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി ഇതിനിടെ പ്രതിപക്ഷം രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. പ്രളയദുരന്തത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സൈനിക സഹായം നല്‍കണമെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ യാചിച്ചു. അടിയന്തരമായി സഹായം ലഭിച്ചില്ലെങ്കില്‍ ചെങ്ങന്നൂരില്‍ വലിയ ദുരന്തമുണ്ടാകുമെന്നും അദേഹം പറഞ്ഞു. അമ്പതിനായിരം പേരാണ് ചെങ്ങന്നൂര്‍ ഭഗത്ത് മരണമുഖത്തുള്ളത്. കാലുപിടിച്ചിട്ടും ഹെലിക്കോപ്റ്റര്‍ സഹായം ലഭിച്ചില്ലെന്നും എം.എല്‍.എ പറഞ്ഞു.

ചെങ്ങന്നൂരില്‍ പലയിടത്തായി 50 പേര്‍ മരിച്ചു കിടക്കുന്നതായും സജി ചെറിയാന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചു. പട്ടാളത്തെ ഇറക്കണമെന്ന് കേണപേക്ഷിക്കുകയാണ്. ഇതിനായി എന്തും സഹായവും താന്‍ ചെയ്യാമെന്നും ജനങ്ങളെ രക്ഷിക്കണമെന്നും അദേഹം പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് ഭക്ഷണവും മറ്റ് സൗകര്യവും ലഭിക്കാതെ വീടിന്റെ ടെറസിലും രണ്ടാം നിലയിലൊക്കെ കഴിയുന്നത്. ഇന്നു രാത്രി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ വന്‍ ദുരന്തമാണ് ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു.

സജി ചെറിയാന്റെ വാക്കുകള്‍:

‘ദയവു ചെയ്ത് ഞങ്ങള്‍ക്കൊരു ഹെലികോപ്ടര്‍ താ.. ഞാന്‍ കാലുപിടിച്ചു പറയാം.. ഞങ്ങളെ ഒന്നു സഹായിക്ക്- എന്റെ നാട്ടുകാര് മരിച്ചുപോകും. എന്റെ നാട്ടിലെ അമ്പതിനായിരം പേര് മരിച്ചുപോകും. ഞങ്ങളെ സഹായിക്ക്. എയര്‍ ലിഫ്റ്റിംഗല്ലാതെ ഇവിടെ വേറെ വഴിയില്ല, രാഷ്ട്രീയ ഇടപെടല്‍ കൊണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ കൊണ്ടുവന്ന് ഞങ്ങളാവുന്നത് ചെയ്യുകയാണ്. ഞങ്ങള്‍ക്കൊന്നും ചെയ്യാനാകുന്നില്ല. എന്റെ വണ്ടിയടക്കം നിലയില്ലാവെള്ളത്തില്‍ കിടക്കുകയാണ്. ഇവിടെ പട്ടാളമിറങ്ങണം. ഞങ്ങള്‍ മരിച്ചുപോകും ഞങ്ങളെ സഹായിക്ക്-
പ്ലീസ്.. പ്ലീസ്.. പ്ലീസ്..

രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെയാണ് ഞെട്ടിച്ച് ദുരന്തവാര്‍ത്ത എത്തിയത്. ചെങ്ങന്നൂരില്‍ വെള്ളം നിറഞ്ഞ വീട്ടില്‍ കുടുങ്ങി യുവാവും അമ്മയും മുത്തശ്ശിയും മരിച്ചു. മംഗലം കണ്ണാട്ടുവീട്ടില്‍ റെനി, ബേബി, ശോശാമ്മ എന്നിവരാണ് മരിച്ചത്. പിന്നാലെ സ്ഥലം എംഎല്‍എ സജി ചെറിയാന്‍ വെളിപ്പെടുത്തിയ വസ്തുതകള്‍ ഞെട്ടിക്കുന്നതായിരുന്നു.

സൈന്യത്തിന്റെ സഹായം നാലുദിവസമായി ആവശ്യപ്പെടുന്നു. എന്നിട്ടും കിട്ടിയില്ല. കുത്തൊഴുക്കില്‍ എല്ലാം തകര്‍ന്നു. മൃഗങ്ങളൊന്നടങ്കം ഒഴുകിപ്പോയി. ഭക്ഷണവും മരുന്നുമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം കൊടുംദുരിതത്തിലാണ്. നാളെ രാവിലെ ആറുമണിക്കകം ആവശ്യമുള്ള സാധനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മന്ത്രി പി.തിലോത്തമനും ചെങ്ങന്നൂരില്‍ കുടുങ്ങി. ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂരിലും ആലുവയിലും തിരുവനന്തപുരത്തും കനത്ത മഴയാണ്. പാണ്ടനാട് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരിലും തിരുവല്ലയില്‍ മഴ തുടരുകയാണ്. കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

ഒഴുക്ക് കാരണം ബോട്ടുകള്‍ക്ക് ചെങ്ങന്നൂരില്‍ അടുക്കാനാവുന്നില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. 300 ബോട്ടുകള്‍ അങ്ങോട്ട് പുറപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

pathram desk 1:
Related Post
Leave a Comment