കലിതുള്ളി കാലവര്‍ഷം, പ്രളയത്തില്‍ മുങ്ങി കേരളം; രണ്ട് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടത് 84 പേരുടെ ജീവന്‍

കൊച്ചി: രണ്ട് ദിവസത്തിനുള്ളില്‍ 84 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും വെള്ളപ്പൊക്കവും മണ്ണ് ദുര്‍ബലമാക്കിയതോടെ ആരംഭിച്ച ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമാണ് ഇതില്‍ ഏറെപ്പേരുടേയും ജീവന്‍ കവര്‍ന്നത്. ഒരു വീട്ടിലെ എല്ലാവരും തന്നെ മണ്ണിനടിയില്‍പെട്ട് മരിക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. മൂന്നാര്‍ ദേവികുളത്ത് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു.

തൃശൂര്‍ കുറാഞ്ചേരിയില്‍ മണ്ണിനടിയില്‍പെട്ട് 14 പേര്‍ മരിച്ചു.പത്ത് പേരെ കാണാനില്ല. തൃശൂര്‍ ജില്ലയില്‍ മാത്രം ഇന്ന് 19 പേരാണ് മരിച്ചത്.പെരിയാറിന്റെ തീരത്ത് അറുപതിനായിരം വീടുകളില്‍ വെള്ളം കയറിയെന്നാണ് സര്‍ക്കാരിന്റെ തന്നെ കണക്ക്.

ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മൂന്നാര്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി.മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും പൂര്‍ണ്ണമായി ഒറ്റപ്പെട്ടു.പ്രധാന റോഡുകളെല്ലാം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആലുവയും ചാലക്കുടിയും മുങ്ങിക്കൊണ്ടിരിക്കുകയാണ്. ആലുവ ടൗണില്‍ നിന്ന് ജനങ്ങള്‍ മാറിപ്പോകണമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു കഴിഞ്ഞു. തീരത്തു നിന്ന് ഇരുകരകളിലും ഏഴ് കിലോമീറ്റര്‍ വരെ വെള്ളം കയറി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് ആലുവ റൂറല്‍ എസ്.പി.രാഹുല്‍ ആര്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാലക്കുടിയിലും മുരിങ്ങൂരിലും വെള്ളം കയറി. ചാലക്കുടി പുഴയുടെ ഇരുകരകളിലും രണ്ടു കിലോമീറ്റര്‍ വരെ വെള്ളം കയറി.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പതിനായിരത്തിലേറെ വരും. ഇതില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളും ഉള്‍പ്പെടുന്നു.സര്‍ക്കാര്‍ സര്‍വ്വ സജ്ജീകരണങ്ങളും ഉപയോഗിച്ചിട്ടും എല്ലാവരേയും രക്ഷപ്പെടുത്താനാകുന്നില്ല. ആലുവയില്‍ രണ്ട് ആശുപത്രികള്‍ വെള്ളത്തിനടിയിലായി. ഇവ ഒഴിപ്പിച്ചു. കൊച്ചി കായലിലും ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.പെയ്യുന്ന മഴയുടേയോ ഡാമുകളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റേയോ പുഴയിലെ വെള്ളത്തിന്റേയോ കൃത്യമായ കണക്കില്ലാത്തതിനാല്‍ വെള്ളം എവിടെയൊക്കെ കയറുമെന്നോ എവിടെയൊക്കെ ഒഴിപ്പിക്കണമെന്നോ കൃത്യമായ കണക്കില്ല. വെള്ളം കയറുന്നതിനനുസരിച്ച് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെടുക മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.താലൂക്ക് തിരിച്ചോ പഞ്ചായത്ത് തിരിച്ചോ കൃത്യമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പറ്റുന്നില്ല.

കേന്ദ്രസേന കേരളത്തിലേക്ക് എത്തിയിട്ടുണ്ട്.നാവിക സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് അവശ്യവസ്തുക്കളുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ട്രെയിന്‍ ഗതാഗതവും റോഡ് ഗതാഗതവും സ്തംഭിച്ചു. ജനജീവിതം പ്രളയത്തില്‍ താറുമാറായി.

pathram desk 2:
Related Post
Leave a Comment