‘വിവാഹം എന്നു കഴിക്കും’ ? ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ കിടിലൻ മറുപടി

ഹൈദരാബാദ്: താന്‍ എന്നു വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും വധു കോണ്‍ഗ്രസാണെന്നുമാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
സംവാദത്തിനിടെ, എന്നു വിവാഹം കഴിക്കുമെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ഇപ്പോള്‍ തനിക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലെന്നും തന്റെ വിവാഹം കോണ്‍ഗ്രസുമായി നേരത്തെ കഴിഞ്ഞതാണെന്നും രാഹുല്‍ പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ തുറന്നടിച്ചു.

കോണ്‍ഗ്രസുമായി സമാന ചിന്താഗതിയുള്ള പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ബിജെപിയെ താഴെയിറക്കാനുള്ള കാര്യമായ ശ്രമമാണ് കോണ്‍ഗ്രസ് നടത്തി വരുന്നതെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയാകാനുള്ള താത്പര്യത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ ആദ്യം ബിജെപിയെ താഴെയിറക്കട്ടെ എന്നായിരുന്നു മറുപടി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 2019ല്‍ അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി പ്രതീക്ഷ പങ്കുവെച്ചു.

ശിവസേന ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബിജെപിയ്ക്ക് എതിരെയാണെന്നും ഒറ്റയ്ക്ക് 230 സീറ്റുകള്‍ നേടാന്‍ ബിജെപിയ്ക്ക് ആവില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയോടുള്ള എതിര്‍പ്പ് വ്യക്തിപരമല്ല, ആശയപരമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എതിരാളികളോട് തനിക്ക് സ്പര്‍ദ്ധയൊന്നും ഇല്ലെന്നും ഇത് മനസ്സിലാക്കിക്കൊടുക്കാനാണ് താന്‍ മോദിയെ ആലിംഗനം ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ മോദിയ്ക്ക് എതിര്‍കക്ഷികളെ ഇഷ്ടമല്ലെന്നും അദ്ദേഹം ആരും പറയുന്നത് കേള്‍ക്കാറില്ലെന്നും രാഹുല്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment