വിജയ് ചിത്രം ‘സര്‍ക്കാറി’ലെ ഗാനം ചോര്‍ന്നു

ദളപതി വിജയ്യുടെ ‘സര്‍ക്കാര്‍’ സിനിമയിലെ ഗാനം ചോര്‍ന്നു. യുഎസ്സിലെ ലാസ്വെഗാസില്‍ ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഷോബി കൊറിയോഗ്രാഫറായ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ.ആര്‍.റഹ്മാനാണ് സംഗീതം. എ.ആര്‍.മുരുകദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ നിര്‍മ്മാതാക്കള്‍ സണ്‍ പിക്‌ചേഴ്‌സ് ആണ്.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തില്‍ അനുസ്മരിച്ച് ലാസ്വെഗാസിലെ സര്‍ക്കാര്‍ സിനിമയുടെ ഷൂട്ടിങ് ഒരു ദിവസം നിര്‍ത്തിവച്ചിരുന്നു. യുഎസ്സില്‍നിന്നും തിരികെ നാട്ടിലെത്തിയ വിജയ് ആദ്യം പോയത് കരുണാനിധിയുടെ സ്മൃതി മണ്ഡപത്തിലേക്കായിരുന്നു. കലൈഞജരുടെ സമാധിയില്‍ പുഷ്പാഞ്ജലി അര്‍പ്പിച്ചശേഷമാണ് താരം വീട്ടിലേക്കു പോയത്.

വിജയ്യുടെ 62-ാമത് ചിത്രമാണ് സര്‍ക്കാര്‍. ജൂണ്‍ 22 വിജയ്യുടെ പിറന്നാള്‍ദിനത്തിന് മുന്നോടിയായാണ് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും ടീം പുറത്തുവിട്ടത്. കറുത്ത കൂളിങ് ഗ്ലാസും വച്ച് സിഗരറ്റിന് തീ കൊടുക്കുന്ന വിജയ് ആയിരുന്നു പോസ്റ്ററില്‍ ആരാധകര്‍ കണ്ടത്.

‘സര്‍ക്കാര്‍’ സിനിമയില്‍ കീര്‍ത്തി സുരേഷാണ് വിജയ്യുടെ നായിക. വിജയ്ക്ക് ഒപ്പമുളള കീര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമാണ്. വിജയ്യുടെ ഭൈരവയില്‍ കീര്‍ത്തിയായിരുന്നു നായിക. വരലക്ഷ്മി ശരത് കുമാര്‍, അര്‍ജുന്‍ സര്‍ജ, പ്രേം കുമാര്‍, യോഗി ബാബു, രാധ രവി എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ ഷൂട്ടിങ് വിജയ് പൂര്‍ത്തിയാക്കിയതായാണ് വിവരം. ദീപാവലി റിലീസായാണ് സര്‍ക്കാര്‍ തിയേറ്ററുകളിലെത്തുക.

pathram desk 2:
Related Post
Leave a Comment