ചെറുതോണി: ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഇപ്പോള്‍ 2,397.68 അടിയായി കുറഞ്ഞു. എങ്കിലും ചൊവ്വാഴ്ച വരെ ഷട്ടര്‍ അടയ്ക്കില്ലെന്നാണ് ആണ് അധികൃതര്‍ നല്‍കുന്ന സൂചന. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ ഷട്ടറുകളിലൂടെ ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കേണ്ടെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുതോണി പുഴ പാലത്തിന് മുകളിലൂടെ നിറഞ്ഞൊഴുകുകയാണ്.
അടിയന്തര സാഹചര്യം നേരിടാന്‍ ദുരന്തനിവാരണ സേന, പൊലീസ്, അഗ്‌നിശമന സേന തുടങ്ങി സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സര്‍വസജ്ജരായി രംഗത്തുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതില്‍ തീരുമാനം രണ്ട് ദിവസത്തിന് ശേഷമെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. മഴ തുടരുന്നതിനാല്‍ രണ്ട് ദിവസം കൂടി ജലനിരപ്പ് നിരീക്ഷിക്കും. അതിനുശേഷം കെഎസ്ഇബി സര്‍ക്കാരിനെ തീരുമാനം അറിയിക്കും. അന്തിമ തീരുമാനം സര്‍ക്കാരിന്റേതാണെന്നും മന്ത്രി എം.എം.മണി പറഞ്ഞു. വീടും കൃഷിയും നശിച്ചവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടുക്കി–ചെറുതോണി അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിട്ടതോടെ ചെറുതോണി പാലം നാലു ദിവസമായി വെള്ളത്തിനടിയിലാണ്. പാലത്തിലൂടെയുള്ള ഗതാഗതം ഇല്ലാതായതോടെ മറുകരയെത്താന്‍ പാടുപെടുകയാണു നാട്ടുകാര്‍. ചെറുതോണി ടൗണില്‍നിന്ന് നടന്നു പോകാമായിരുന്ന ഗാന്ധി നഗറില്‍ ഇപ്പോള്‍ എത്തണമെങ്കില്‍ പൊതുഗതാഗത സൗകര്യം തീരെ ഇല്ലാത്ത വഴികളിലൂടെ പോകണം. വഴിയടഞ്ഞതോടെ ജോലിക്കുപോലും പോകാന്‍ പറ്റാത്ത അവസ്ഥയിലാണെന്നു നാട്ടുകാര്‍ പറയുന്നു.
ബസ് സ്റ്റാന്റിന്റെ ഒരു ഭാഗവും കുറച്ചു കടകളും പുഴയെടുത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആശുപത്രിയിലുമെത്താന്‍ മണിക്കൂറുകള്‍ സഞ്ചരിക്കേണ്ട അവസ്ഥയിലാണു പ്രദേശവാസികള്‍. വെള്ളമിറങ്ങിയാലും ഉടനൊന്നും ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കാനാകില്ലെന്ന തിരിച്ചറിവും നാട്ടുകാരുടെ സങ്കടം ഇരട്ടിയാക്കുന്നു.
അതേസമയം മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകളും 9 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും. വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ 120 സെ.മീ ആയാണ് ഉയര്‍ത്തിയത്. 150 സെ.മീറ്ററിലേക്ക് ഘട്ടം ഘട്ടമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇടമലയാല്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്. ഒരു മീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. 385.28 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്ക് 168.84 മീറ്ററാണ് ജലനിരപ്പ്.
Leave a Comment