പേടിക്കേണ്ട, ചിരിപ്പിക്കും; ‘നീലി’ സിനിമാ റിവ്യൂ…

നവാഗത സംവിധായകനായ അല്‍ത്താഫ് റഹ്മാന്റെ നീലി എന്ന സിനിമ തീയേറ്ററുകളില്‍ എത്തി. ഹൊറര്‍ സിനിമയാകുമെന്ന പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. മലയാളികള്‍ക്ക് പേടിസ്വപ്‌നമായ കഥാപാത്രമായ കള്ളിയങ്കാട്ട് നീലി ഇവിടെ പേടിപ്പിക്കുന്നതിന് പകരം ചിരിപ്പിക്കുകയാണ് ചെയ്തതെന്നാണ് പൊതുവേയുള്ള അഭിപ്രായം.
കള്ളിയങ്കാട്ട് തന്നെയാണ് നീലിയുടെ കഥ നടക്കുന്നത്. ലക്ഷ്മി (മംമ്ത മോഹന്‍ദാസ്) കള്ളിയങ്കാട് എന്ന തന്റെ ഗ്രാമത്തിലേക്ക് താമസത്തിനെത്തുന്നതും ലക്ഷ്മിയുടെ മകളെ അവിടെ വച്ച് ഒരു ദുരൂഹസാഹചര്യത്തില്‍ കാണാതാകുന്നതുമാണ് നീലിയുടെ ഇതിവൃത്തം. മകളെ വീണ്ടെടുക്കാന്‍ ഒരമ്മ നടത്തുന്ന പരിശ്രമങ്ങളും അതിന് തുണയായി കുറച്ചാളുകള്‍ അവര്‍ക്കൊപ്പം കൂടുന്നതുമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. കഥയിലേക്കും കഥാസന്ദര്‍ഭങ്ങളിലേക്കും പ്രേക്ഷകനെ കൈ പിടിച്ചു കൊണ്ടു പോകുന്നതാണ് ആദ്യ പകുതി. ബാബുരാജ്, അനൂപ് മേനോന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ കുഴപ്പമില്ലാതെ രസിപ്പിക്കുന്നതാണ്. മോഹന്‍ലാല്‍ ക്യാരക്റ്ററായ സണ്ണിയെ അനുകരിക്കും വിധമാണ് അനൂപ് മേനോന്റെ പ്രകടനമെന്ന് പലപ്പോഴും തോന്നിക്കുന്നു. സിനിമയിലെ ‘ഹൊറര്‍ രംഗങ്ങള്‍’ പലതും ക്ലീഷെ ആയിരുന്നു. രണ്ടാം പകുതിയില്‍ സിനിമ കുറച്ചു കൂടി മികച്ചതാകുന്നു. ആ ഭാഗങ്ങളിലെ രംഗങ്ങള്‍ പ്രേക്ഷകനില്‍ ചെറിയ തോതിലെങ്കിലും ഭീതിയുളവാക്കുന്നതായിരുന്നു. ക്ലൈമാക്‌സിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ച ട്വിസ്റ്റുകളൊന്നും കാണുന്നില്ലെന്നു മാത്രമല്ല ചില അവ്യക്തതകള്‍ ബാക്കിയാകുകയും ചെയ്യും.

മലയാളികളെ ഒരുപാട് പേടിപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന കഥാപാത്രത്തെ വേണ്ട വിധത്തില്‍ സിനിമയില്‍ ഉപയോഗിക്കാനായിച്ചില്ല. മാത്രമല്ല സിനിമയുടെ അവസാനഭാഗത്ത് പ്രശ്‌നക്കാരനായ ആത്മാവിനെ സംബന്ധിച്ചും അവ്യക്തത നിഴലിക്കുന്നുണ്ട്. ക്ലൈമാക്‌സില്‍ ഇതൊക്കെ കാര്യകാരണ സംഹിതം വിശദീകരിക്കാന്‍ അണിയറക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതത്ര വിജയിച്ചോ എന്നു സംശയമാണ്.

പ്രധാന കഥാപാത്രമായ ലക്ഷ്മിയായി മംമ്ത മികച്ചു നിന്നപ്പോള്‍ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വച്ചത് അനൂപ് മേനോനാണ്. വളരെ അനായാസമായും രസകരമായും അദ്ദേഹം റെനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ബാബുരാജ്, സിനില്‍ സൈനുദ്ദീന്‍, ശ്രീകുമാര്‍ തുടങ്ങിയവരും മികച്ച പ്രകടനം തന്നെ കാഴ്ച വച്ചു. സംവിധായകനായ അല്‍ത്താഫ് റഹ്മാന്റെ ആദ്യ സംരംഭം മോശമല്ല. പക്ഷെ പ്രേതസിനിമകളുടെ ക്ലീഷേകളില്‍ അദ്ദേഹം കുടുങ്ങിപ്പോയി. രചന നിര്‍വഹിച്ച മുനീറും റിയാസും ടിപ്പിക്കല്‍ പ്രേതസിനിമയെ ഈ കഥാഗതിയിലേക്ക് പറിച്ചു നടാനാണ് ശ്രമിച്ചത്. മനോജ് പിള്ളയുടെ ഛായാഗ്രഹണവും ശരത്തിന്റെ സംഗീതവും മികച്ചു നിന്നു.
അഞ്ചില്‍ രണ്ടര റേറ്റിങ് ആണ് ചിത്രത്തിന് നല്‍കുന്നത്.

pathram:
Leave a Comment