തിരുവനന്തപുരം: ട്രെയിന്‍ അപകടത്തില്‍പെട്ട് മരിച്ചെന്നു കരുതിയ അമ്മയെ എട്ടുവര്‍ഷത്തിന് ശേഷം മകന് തിരിച്ചുകിട്ടി. തിരവനന്തപുരത്താണ് അത്ഭുതമായ സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ട്രെയിന്‍ അപകടത്തില്‍ അമ്മ മരിച്ചെന്നായിരുന്നു മധ്യപ്രദേശുകാരനായ രാഹുല്‍ കരുതിയിരുന്നത്. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ മകന് സ്വന്തം അമ്മയെ തിരിച്ചുകിട്ടിയിരിക്കുകയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ നടത്തുന്ന സേവനപ്രവര്‍ത്തനമാണ് അമ്മയെ കുടുംബാംഗങ്ങളുടെ അടുത്തെത്തിച്ചത്. അമ്മയെ കൊണ്ടുപോകാന്‍ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ മകനും ഭര്‍ത്താവും എത്തി. തിങ്കളാഴ്ച കുടുംബത്തോടൊപ്പം അവര്‍ മധ്യപ്രദേശിലേക്ക് പോകും.
മധ്യപ്രദേശിലെ സുല്‍ത്താന്‍പുരുകാരിയാണ് ലത. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രെയിന്‍ അപകടത്തില്‍ ലത മരിച്ചെന്നായിരുന്നു കുടുംബം കരുതിയത്. ടെക്‌നോപാര്‍ക്ക് യു.എസ്.ടി. ഗ്ലോബലിലെ ജീവനക്കാരായ അജിത് ഗുപ്ത, അരുണ്‍ നകുലന്‍, രാജലക്ഷ്മി എന്നിവര്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തുകയും അവിടെ ചികിത്സയില്‍ കഴിയുന്ന ലതയെ പരിചയപ്പെടുകയും ചെയ്തു.
തുടര്‍ന്നുള്ള സൗഹൃദ സംഭാഷണത്തിലാണ് ലത മധ്യപ്രദേശിലെ സുല്‍ത്താന്‍പുരെന്ന സ്ഥലവും മക്കളുടെയും ഭര്‍ത്താവിന്റെയും പേരും മറ്റുവിവരങ്ങളും ഇവരോടുപറഞ്ഞത്. തുടര്‍ന്ന് അജിത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍പുരിലെ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. അവിടെയുള്ള ബീര്‍ബല്‍ എന്ന പൊലീസുകാരന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവിനെ കണ്ടെത്തി. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന മലയാളിയായ മാത്യു എന്നയാളുടെ സഹായത്തോടെ ഇവരെ നാട്ടില്‍ എത്തിക്കുകയായിരുന്നു.
Leave a Comment