വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയായി എത്തുന്നു……

പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷ് എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് സീരീസില്‍ ബോളിവുഡ് താരം വിദ്യാ ബാലന്‍ ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലെത്തും. മിഡ് ഡേ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സിനിമയില്‍ ഒതുങ്ങാത്തത്ര കാര്യങ്ങള്‍ പറയാനുള്ളത് കൊണ്ട് അതൊരു വെബ് സീരീസ് ആക്കാന്‍ തീരുമാനിച്ചു എന്നും എത്ര സീസണുകള്‍ ഉണ്ടാകും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്നും താരം പറയുന്നു.

”ധാരാളം ഗവേഷണം നടത്തേണ്ടതുണ്ട്. മെറ്റീരിയല്‍ ഒരുപാടുള്ളത് കൊണ്ട് തന്നെ തിരക്കഥ പൂര്‍ണ്ണമാകാന്‍ സമയമെടുക്കും. വെബ് സീരീസ് എപ്പോള്‍ ആരംഭിക്കും എന്നതും പറയാന്‍ സാധിക്കില്ല,” എന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി. ഗാന്ധി കുടുംബത്തിന്റെ അനുവാദം ലഭിച്ചോ എന്ന ചോദ്യത്തിന് ചിത്രം പുസ്തകത്തെ ആസ്പദമാക്കിയുള്ളതാണ് എന്നും അത് ചിത്രീകരിക്കാന്‍ പുസ്തകത്തിന്റെ ചിത്രീകരണാവകാശം നേടിയിട്ടുണ്ട്, കുടുംബത്തിന്റെ പെര്‍മിഷന്‍ ആവശ്യമില്ല എന്നും വിദ്യ മറുപടി പറഞ്ഞു. വെബ് സീരീസ് നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്.

പുസ്തകത്തിന്റെ സിനിമാ അവകാശം വിദ്യാ ബാലനും ഭര്‍ത്താവും നിര്‍മ്മാതാവുമായ സിദ്ധാര്‍ത് റോയ് കപൂറും ചേര്‍ന്ന് വാങ്ങിയതായി സാഗരിക ഘോഷ് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

”അതിയായ സന്തോഷമുണ്ട്, സ്‌ക്രീനിലെ ഇന്ദിരയെ കാണാന്‍ കാത്തിരിക്കുന്നു” എന്നാണ് സാഗരിക കുറിച്ചത്.അന്ന് സാഗരികയ്ക്ക് മറുപടി നല്‍കി കൊണ്ട് വിദ്യാ ബാലന്‍ പറഞ്ഞതിങ്ങനെ.

”സാഗരികയുടെ പുസ്തകത്തിന്റെ സിനിമാ പകര്‍പ്പവകാശം നേടിയതില്‍ സന്തോഷിക്കുന്നു. കാരണം ഇന്ദിരാ ഗാന്ധിയെ സ്‌ക്രീനില്‍ അവതരിപ്പിക്കുക എന്നത് എന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. ഇതൊരു സിനിമയാകുമോ അതോ വെബ് സീരീസ് ആകുമോ എന്നതില്‍ തീരുമാനം ആയിട്ടില്ല,”, ദേശീയ പുരസ്‌കാര ജേതാവും കൂടിയായ വിദ്യാ ബാലന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment