സിനിമയിലെ തന്റെ ഗോഡ്ഫാദര്‍ അജു വര്‍ഗീസ്…! വഴിത്തിരിവായത് അജുവിനെയും നിവിനേയും പരിചയപ്പെട്ടത്; മനസ് തുറന്ന് മുഥുന്‍ മാനുവല്‍ തോമസ്

അജുവര്‍ഗ്ഗീസാണ് സിനിമയിലെ തന്റെ ഗോഡ്ഫാദറെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസ്. കപ്പ ടിവിയുമായുള്ള അഭിമുഖത്തിലാണ് മിഥുന്‍ മനസ് തുറന്നത്. ”നിധിന്‍ എന്ന സുഹൃത്തുവഴി അജു വര്‍ഗീസിനെയും നിവിന്‍ പോളിയെയും പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അജുവാണ് സിനിമയിലെ എന്റെ ഗോഡ് ഫാദര്‍. ഒരു പെട്ടിയില്‍ അഞ്ചു കഥകളുമായാണ് അജുവിനെ കാണാന്‍ പോയത്. അതില്‍ രണ്ടെണ്ണം സിനിമയായി. ഓം ശാന്തി ഓശനയും (ജൂഡ് ആന്റണിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്) ആടും. ഒന്നും അറിയില്ല എന്നതായിരുന്നു എന്റെ ധൈര്യം”’

സിനിമാമോഹവുമായി അലഞ്ഞ കാലത്ത് മമ്മൂട്ടിയുടെ അടുത്ത് കഥ പറയാന്‍ പോയെന്നും എന്നാല്‍ അന്ന് അത് നടക്കാതെ വന്നപ്പോള്‍ ആകെ നിരാശിതനായി മാറിയെന്നും മിഥുന്‍ പറയുന്നു. ”മമ്മൂക്കയുടെ അടുത്ത് കഥ പറയാന്‍ വേണ്ടി എന്റെ ഒരു ബന്ധുവിന്റെ സുഹൃത്തിനെ സമീപിച്ചു. അദ്ദേഹം ചെന്നൈയില്‍ പണ്ടു കാലത്ത് ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി നോക്കിയിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ പോയി കണ്ട് കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അങ്ങനെ അദ്ദേഹം എന്നെ മമ്മൂക്കയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൊണ്ടു പോയി. എനിക്കാണെങ്കില്‍ സിനിമാക്കാരന്‍ ആയേ പറ്റൂ. മറ്റൊരു വഴിയുമില്ല. കാലിന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി കൊണ്ടിരിക്കുകയാണ്. മമ്മൂക്കയുടെ അടുത്ത് കഥ പറയുന്ന കാര്യത്തില്‍ എനിക്ക് ഭയമില്ലായിരുന്നു.”

”മമ്മൂക്ക എന്റെ കൂടെ ഉണ്ടായിരുന്ന ആളെ കണ്ടപ്പോള്‍ സംസാരിച്ചു, വിശേഷങ്ങള്‍ ചോദിച്ചു. അപ്പോള്‍ എനിക്ക് സമാധാനമായി. അടുത്തഘട്ടം എന്നെ പരിചയപ്പെടുത്തുക പിന്നെ കഥ പറയുക എന്നതാണ്. പക്ഷേ അദ്ദേഹം ഒന്നും മിണ്ടിയില്ല, ഞാന്‍ വയനാട്ടില്‍ നിന്നുള്ള ഒരു പയ്യനാണ് എന്ന് മാത്രം മമ്മൂക്കയോട് പറഞ്ഞു. കഥയുടെ കാര്യം പറഞ്ഞില്ല. അതുകഴിഞ്ഞ് പോകാം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, കഥ പറയണ്ടേ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, അങ്ങനെ ഒറ്റ അടിക്ക് കഥ പറച്ചില്‍ ഒന്നും നടക്കില്ല. ഇങ്ങനെ സെറ്റില്‍ വന്ന് നില്‍ക്കണം, മമ്മൂക്കയുമായി പരിചയം ഉണ്ടാക്കണം, എന്നിട്ട് പതുക്കെ കഥ പറയണമെന്ന്. അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശയായി.” മിഥുന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കുവാനുള്ള പരിശ്രമത്തിലാണ് മിഥുനിപ്പോള്‍. മമ്മൂട്ടി തന്നെയാണ് രണ്ടാംഭാഗത്തിലെയും നായകന്‍.

pathram desk 1:
Related Post
Leave a Comment