കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജലസംഭരണിയില്‍നിന്ന് വെള്ളം തുറന്നുവിട്ടുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ചയോടെ ഇടുക്കിയില്‍ മഴ കുറയുമെന്നാണ് പ്രതീക്ഷ. ഇടുക്കി ഡാമില്‍ നീരൊഴുക്ക് വര്‍ധിക്കുമ്പോഴും മുല്ലപ്പെരിയാര്‍ ഡാം പ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞതു ആശ്വാസമായി. ഡാം പരിസരത്ത് മൂന്നു സെന്റീമീറ്റര്‍ മഴയാണ് ഇന്നു രാവിലെ വരെ ലഭിച്ചതെന്ന് ചെന്നൈ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടുക്കി ഡാമില്‍ വെള്ളം നിറയുമ്പോഴും മുല്ലപ്പെരിയാര്‍ ഭീഷണി സൃഷ്ടിക്കാത്തത് ഏറെ ആശ്വാസം നല്‍കുന്നതാണ്.
അതേസമയം കേരളത്തെ അസാധാരണമായ ആശങ്കയുടെ മുള്‍മുനയിലാക്കിയ മഴയുടെ ശക്തി ശനിയാഴ്ചയോടെ കുറയുമെന്നു കാലാവസ്ഥാ സൂചന. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) ഇന്ന് ഉച്ചയ്ക്കു പുറത്തിറക്കിയ ബുള്ളറ്റിനിലാണ് കേരളത്തിന് ആശ്വാസമാകുന്ന വാര്‍ത്ത വരുന്നത്. കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമായ ന്യൂനമര്‍ദം വടക്കോട്ടു നീങ്ങാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ചയോട മഴയ്ക്ക് കുറവുണ്ടായാലും ഇടുക്കി ഡാമിലേക്കു കുറഞ്ഞത് ഒരാഴ്ചയെങ്കിലും ശക്തമായ നീരൊഴുക്കു തുടരും. മഴ കുറഞ്ഞാലും ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യം ഉടനെ ആലോചിക്കാനാവില്ല എന്നതാണ് കാര്യം. തന്നെയുമല്ല, തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെടുന്നുണ്ട്. ഇതു കേരളത്തിലും മഴ കൊണ്ടുവരും. അത് ഇത്രയും ശക്തമായിരിക്കുമോ എന്നു പറയാനാവില്ല.
ഇപ്പോള്‍ 2,402 അടിയിലേക്ക് വെള്ളം ഉയര്‍ന്നു കഴിഞ്ഞു. മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നിരിക്കുകയാണ്. ചരിത്രത്തിലാദ്യമായിട്ടാണ് അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കേണ്ട സാഹചര്യമുണ്ടാകുന്നത്. ഇന്ന് രാവിലെ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയര്‍ത്തിയിരുന്നത്. ഇതോടെ സെക്കന്‍ഡില്‍ 6,00,000 ലീറ്റര്‍ (600 ക്യുമെക്‌സ്) വെള്ളം പുറത്തേക്കുപോകും.
Leave a Comment