ചെറുതോണി: ഇടുക്കി ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കുന്നു. ഒരുമണിയോടെ നാലാമത്തെ ഷട്ടറും തുറന്നു. നേരത്തെ 11 മണിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വീതം വെള്ളമാണ് പുറത്തു പോകുന്നത്. ഇപ്പോള്‍ നാല് ഷട്ടര്‍ തുറന്നതോടെ നാല് ലക്ഷത്തോളം ലിറ്റര്‍ വെള്ളം സെക്കന്‍ഡില്‍ പുറത്തേക്കുവരും. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍ ആലോചിച്ചെങ്കിലും കനത്തമഴ തുടര്‍ന്നതോടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
വ്യാഴാഴ്ച 12.30 യോടെയാണ് ഇടുക്കി ചെറുതോണി ഡാമിന്റെ ആദ്യഷട്ടര്‍ തുറന്നത്. മൂന്നാമത്തെ ഷട്ടറായിരുന്നു തുറന്നത്. 50,000 ലിറ്റര്‍ വെള്ളമായിരുന്നു ഒഴുക്കി വിട്ടത്. എന്നാല്‍ ഇന്ന് രാവിലെ രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ കൂടി തുറന്ന് ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുകളയുകയായിരുന്നു. എന്നാല്‍ മഴ തുടരുകയും ഡാമിലേക്കുള്ള നീരൊഴുക്ക് മാറ്റമില്ലാതെ കൂടുകയും ചെയ്തതോടെ ഇന്ന് രാവിലെ 11.30 യോടെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2403 അടി വെള്ളം സംഭരണശേഷിയുള്ള ഇടുക്കി ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 2401.50 അടി ഉയരത്തിലാണ് വെള്ളം. ഷട്ടറുകളില്‍ കൂടി കൂടുതല്‍ ജലം പുറത്തു വിടാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പായി ശക്തമായ കരുതല്‍ നടപടി എടുത്തിരുന്നു. ഡാമിന് തൊട്ടുതാഴെ ചെറുതോണിയില്‍ നിന്നും ആള്‍ക്കാരെ മാറ്റിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളും മറ്റും തുറക്കുകയും ചെയ്തിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. അതേസമയം തന്നെ കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച മഴ ഇടതടവില്ലാതെ ശക്തമായി തുടരുകയാണ്.
Leave a Comment