പള്ളിവാസലിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേഴുന്ന വീഡിയോ പുറത്ത്

തൊടുപുഴ: മൂന്നാറിലെ പളളിവാസലില്‍ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികളടക്കമുളള 30ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വലിയ പാറകള്‍ ഇടിഞ്ഞു വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ അയച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളെ രക്ഷിക്കാന്‍ സുരക്ഷാ സേനയെ അയക്കുമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. വിനോദസഞ്ചാരികളുമായി മന്ത്രി ഫോണില്‍ സംസാരിച്ചു.


(വീഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയാണ് കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഉരുള്‍പൊട്ടലില്‍ പത്തിലധികം പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ വീതം തുറന്നു. സെക്കന്‍ഡില്‍ 1,20,000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വരുന്നത്. എന്നാല്‍ ഇതിനിരട്ടി വെളളം അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നുണ്ട്. ജലനിരപ്പ് ഉയരുന്നതിനാല്‍ ചെറുതോണിപ്പുഴ, പെരിയാര്‍ തീരങ്ങളിലുളളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്. 24 മണിക്കൂറിനുള്ളില്‍ ഇടുക്കിയില്‍ മാത്രം 129 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്.

pathram desk 1:
Leave a Comment