കൊച്ചി: സെല്‍ഫി പകര്‍ത്താനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ആലുവാ പാലത്തിന് പോലീസ് മറയിട്ടു. മാര്‍ത്താണ്ഡം പാലത്തില്‍ നിന്നാല്‍ ചെറുതോണി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതോടെ കരകവിഞ്ഞ് ഒഴുകുന്ന പെരിയാറിനെ നല്ലതുപോലെ കാണാനും സെല്‍ഫിയെടുക്കാനും സാധിക്കും. ഇത്തരത്തില്‍ സെല്‍ഫിയെടുക്കുന്നവരെക്കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പോലീസ് പാലത്തില്‍ നിന്നുമുള്ള പെരിയാറിന്റെ ദൃശ്യങ്ങള്‍ മറച്ചത്. പൊലീസിന്റെ ബുദ്ധിപൂര്‍വമായ നീക്കം കാരണം ദേശീയപാതയിലെ പാലത്തിലെ ഗതാഗതക്കുരുക്കും നിയന്ത്രണത്തിലായി.
പെരിയാര്‍ നിറഞ്ഞ് ഒഴുകുന്നതിന് സാക്ഷിയാകുന്നതിനും സെല്‍ഫി പകര്‍ത്തുന്നതിനുമായി സെല്‍ഫിക്കാര്‍ എത്തിയത് മാര്‍ത്താണ്ഡ വര്‍മ പാലത്തിലായിരുന്നു. പ്രദേശവാസികള്‍ക്ക് പുറമെ അതു വഴി പോകുന്നവരും വാഹനം നിര്‍ത്തി സെല്‍ഫി എടുത്ത് തുടങ്ങി. ഇതോടെ പ്രദേശത്ത് ഗതാഗത കുരുക്ക് ശക്തമായി. തുടര്‍ന്നായിരുന്നു ട്രാഫിക്ക് പൊലീസിന്റെ വ്യത്യസ്ത നീക്കം
ഗതാഗത കുരുക്ക് അഴിക്കാന്‍ ശ്രമിച്ചിട്ടും ഫലം ഉണ്ടാകാതെ വന്നതോടെ വലിയ മറ കെട്ടി പൊലീസ് പാലത്തില്‍ നിന്ന് പുഴയിലേക്കുള്ള കാഴ്ച മറച്ചു. ട്രാഫിക് എസ്‌ഐ മുഹമ്മദ് കബീറാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. മറ വാങ്ങി ഒരു ഭാഗം അടച്ചതോടെ ദേശീയപാതയിലെ ഗതാഗതകുരക്കും കുറഞ്ഞു.
Leave a Comment