മുഴുവന്‍ ഷട്ടറുകളും തുറന്നേക്കും; സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം തുറന്നുവിടണമെന്ന് കെഎസ്.ഇ.ബി; ഡാമിലേക്ക് എത്തുന്നത് സെക്കന്‍ഡില്‍ 4,19,000 ലിറ്റര്‍

ചെറുതോണി: ഇടുക്കി ജലസംഭരണിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ചെറുതോണി ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ സാധ്യത. ഉച്ചയോടെ തന്നെ മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇടുക്കിയില്‍ മഴ ശക്തമായി പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം കൂടുതല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും പരിസര പ്രദേശങ്ങളില്‍ വേണ്ട സാഹചര്യം ഒരുക്കാനും കെഎസ്ഇബി ആവശ്യപ്പെട്ടു കഴിഞ്ഞു. സെക്കന്‍ഡില്‍ 300 ഘന അടി വെള്ളം തുറന്നുവിടേണ്ടിവരുമെന്നാണ് സൂചന നല്‍കുന്നത്. സെക്കന്‍ഡില്‍ 4,19,000 ലിറ്റര്‍ വെള്ളമാണ് ഡാമിലേക്ക് എത്തുന്നത്. ഇതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണം.
മൂന്നു ഷട്ടറുകള്‍ കൂടി തുറന്നപ്പോഴേക്കും ചെറുതോണ് ടൗണില്‍ വന്‍തോതിലുള്ള ജലമാണ് ഒഴുകി എത്തുന്നത്. വലിയ മരങ്ങള്‍ ഉള്‍പ്പെടെ കടപുഴകി ഒഴുകുപ്പോകുന്ന കാഴ്ചയാണ് അവിടെയുള്ളത്.

രാവിലെ ഏഴു മണിയോടെ രണ്ടാമത്തെ ഷട്ടറും അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ നാലാമത്തെ ഷട്ടറും ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടങ്ങള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരത്തിനും ചരക്കുവാഹന ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്തി. റോഡുകള്‍ തകരാനുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തനിവാരണ നിയമത്തിലെ 34ാം വകുപ്പനുസരിച്ചാണ് നിരോധനം. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കളക്ടര്‍ ജീവന്‍ബാബു അറിയിച്ചു.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ട് ഷട്ടറുകള്‍ കൂടി ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഉയര്‍ത്തിയത്. വ്യാഴാഴാച മൂന്നാമത്തെ ഷട്ടര്‍ അഞ്ച് മീറ്റര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാധികമായി ഉയരുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തിയത്.

pathram:
Leave a Comment