‘ഉടല്‍ മണ്ണുക്ക്’ ; കലൈഞ്ജര്‍ ഇനി ഓര്‍മ്മ

ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം സംസ്‌കരിച്ചു. ചെന്നൈ മറീന ബീച്ചില്‍ ഔദ്യോഗിക ബഹുമതികളോടുകൂടി കലൈഞ്ജര്‍ അന്ത്യയാത്രയായി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് രാജാജി ഹാളില്‍നിന്ന് വൈകിട്ട് നാലിനാണ് തുടക്കമായത്. അണ്ണാ സമാധിക്കുസമീപം തന്നെയാണ് കരുണാനിധിക്കും അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. വിലാപ യാത്ര കടന്നുവന്ന പത്തുകിലോമീറ്റര്‍ വഴിയോരത്ത് പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. അതിനിടെ, കലൈജ്ഞറുടെ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍ മരിച്ചു. 33 പേര്‍ക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നില്‍നിന്ന് പൊലീസിനെ പിന്‍വലിച്ചതോടെയാണ് ഡിഎംകെ പ്രവര്‍ത്തകര്‍ വന്‍തോതില്‍ തള്ളിക്കയറിയത്. ബാരിക്കേഡുകള്‍ തള്ളിമറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് ലാത്തിവീശി.

കലൈജ്ഞര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലര്‍ച്ചെ മുതല്‍തന്നെ പ്രവര്‍ത്തകരുടെ പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി. ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

pathram desk 2:
Leave a Comment