പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ച് തട്ടിയത് 130 കോടി രൂപ; സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍

കൊച്ചി: ജി.എസ്.ടി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പിടികൂടി. പെരുമ്പാവൂര്‍ സ്വദേശി നിഷാദാണ് പിടിയിലായത്.130 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. സംസ്ഥാനത്തെ ആദ്യ ജി.എസ്.ടി തട്ടിപ്പ് കേസാണിത്.പ്ലൈവുഡ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടത്തിയത്.അതേസമയം പ്രതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഒരുസംഘമാളുകള്‍ ആക്രമിച്ചു. നിഷാദിന്റെ സുഹൃത്തുക്കളാണ് ആക്രമിച്ചത്.

പെരുമ്പാവൂരിലെ ചില പ്ലൈവുഡ് ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയത്. പേരിനു മാത്രം ജി.എസ്.ടി റജിസ്‌ട്രേഷന്‍ ഉള്ള ചിലരുടെ ബില്ലുകള്‍ ഉപയോഗിച്ച് പ്ലൈവുഡും പ്ലൈവുഡ് നിര്‍മാണത്തിനുപയോഗിക്കുന്ന വെനീറും ഇതര സംസ്ഥാനങ്ങളിലേക്കു കയറ്റിയയച്ചാണു തട്ടിപ്പു നടത്തിയത്. സെന്‍ട്രല്‍ ജി.എസ്.ടി ഇന്റലിജന്‍സാണ് തട്ടിപ്പ് കണ്ടെത്തിയത്.

പ്ലൈവുഡ് ഫാക്ടറികളില്‍ ഇന്നലെ രാത്രി വൈകിയും തുടരുന്ന പരിശോധനയില്‍ തീരെ ഉല്‍പാദനമില്ലാത്ത അഞ്ച് സ്ഥാപനങ്ങളുടെ ബില്ലുകളടക്കം ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു. പെരുമ്പാവൂര്‍ വല്ലം സ്വദേശി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണിതിനു പിറകിലെന്നും സി.ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു.ഹൈദരാബാദ്, കോയമ്പത്തൂര്‍, ബെംഗളൂരു, സേലം എന്നിവിടങ്ങളില്‍ സി.ജി.എസ്.ടി ഇന്റലിജന്‍സ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പെരുമ്പാവൂരില്‍നിന്നുള്ള ബില്ലുകള്‍ പിടിച്ചെടുത്തിരുന്നു.

ഈ ബില്ലുകള്‍ ഉപയോഗിച്ച് ജി.എസ്.ടിയില്‍നിന്ന് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് എടുത്തെന്നും ബില്ലില്‍ പറഞ്ഞ സ്ഥാപനങ്ങളില്‍ നിന്നല്ല ചരക്കുകള്‍ വാങ്ങിയതെന്നും ഈ സ്ഥലങ്ങളിലെ വ്യാപാരികള്‍ സി.ജി.എസ്.ടി ഉദ്യോഗസ്ഥരോടു സമ്മതിച്ചിട്ടുണ്ട്.വ്യാജ ബില്ലുകളില്‍ പ്രതിദിനം മുപ്പതിലധികം ലോഡ് ചരക്കുകള്‍ പെരുമ്പാവൂരില്‍നിന്നു പോയതായി അധികൃതരുടെ നിഗമനം.

pathram desk 2:
Related Post
Leave a Comment