റിലീസിന് മുന്‍പേ ‘കായംകുളം കൊച്ചുണ്ണി’ സ്വന്തമാക്കിയ കോടികള്‍…

കൊച്ചി:റിലീസിന് മുമ്പേ മുതല്‍മുടക്കിന്റെ തൊണ്ണൂറ് ശതമാനവും തിരിച്ചുപിടിച്ചിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. സാറ്റലൈറ്റ്, തിയറ്റര്‍ അവകാശം, ഡിജിറ്റല്‍ റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്സ്, ഓവര്‍സീസ്, എന്നിങ്ങനെ വിവിധ മേഖലകളിലായി കോടികളാണ് ചിത്രം നേടികഴിഞ്ഞിരിക്കുന്നത്.

ഇറോസ് ഇന്റര്‍നാഷണല്‍ ആണ് കായംകുളം കൊച്ചുണ്ണിയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കാനായി ഏകദേശം 25കോടിയാണ് ഇറോസ് ഇന്റര്‍നാഷണല്‍ നല്‍കിയത്. ഹിന്ദി ഡബ്ബിങ് റൈറ്റ്സിനായി നാല് കോടി രൂപയും സാറ്റലൈറ്റ് റൈറ്റ്സായി ഏകദേശം പത്തി കോടി രൂപയ്ക്ക് മുകളിലും ചിത്രം നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കോടി രൂപയ്ക്ക് ഫാര്‍സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഓവര്‍സീസ് റൈറ്റ്സില്‍ റിലീസിന് ശേഷം വരുന്ന ലാഭവിഹിതം നിര്‍മാതാവിന് അവകാശപ്പെട്ടതാണ്. റെക്കോര്‍ഡ് തുകയാണ് ഓവര്‍സീസ് റൈറ്റ്സില്‍ ചിത്രം നേടിയിരിക്കുന്നത്.

നിവിന്‍ പോളി, മോഹന്‍ലാല്‍ അടക്കമുള്ളവരുടെ വമ്പന്‍താരനിര തന്നെയാണ് കായംകുളം കൊച്ചുണ്ണിക്ക് നേട്ടമായിരിക്കുന്നത്. ഇതോടൊപ്പം മേക്കിങ് ശൈലിയും സാങ്കേതികമികവും ചിത്രത്തില്‍ കോര്‍പറേറ്റ് ഗ്രൂപ്പുകളെ തത്പരരാക്കി. 40കോടിയിലധികം ചിലവാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം. ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

pathram desk 2:
Related Post
Leave a Comment