മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയാകാന്‍ ഒരു കാരണം ഉണ്ട്……!!

കൊച്ചി:നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട് എന്നതാണ് ആരാധകരെ കൂടുതല്‍ ആവേശത്തിലാക്കുന്നത്. തിരക്കഥ എഴുതിയപ്പോള്‍ തന്നെ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നത് എന്നാണ് കള്ളന്റെ എഴുത്തുകാരായ ബോബി സഞ്ജയ് പറയുന്നത്. അസാമാന്യനായ ഒരു അഭിനേതാവിനെയാണ് ആ റോളിലേക്ക് വേണ്ടിയിരുന്നത്. മോഹന്‍ലാലായിരുന്നു ഏറ്റവും മികച്ച ചോയ്സ് എന്നും സഞ്ജയ് പറഞ്ഞു.

കുട്ടിക്കാലം മുതല്‍ കൊച്ചുണ്ണിയുടെ കഥകള്‍ വായിച്ചാണ് തങ്ങള്‍ വളര്‍ന്നത്. എന്നാല്‍ ആദ്യം ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നില്ല. പിന്നീടാണ് കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് ഒരു തിരക്കഥ ഒരുക്കിയാല്‍ നന്നായിരിക്കും എന്നു തോന്നുന്നത്. റോഷന്‍ ആന്‍ഡ്രൂസ് വായിച്ചപ്പോള്‍ അദ്ദേഹം വളരെ ത്രില്ലിലായി. അദ്ദേഹത്തിന്റേയും പ്രീയപ്പെട്ട വീര പുരുഷനായിരുന്നു കൊച്ചുണ്ണി. നിര്‍മാതാവ് ഗോകുലം ഗോപാലനും പിന്തുണച്ചതോടെയാണ് സിനിമ യാഥാര്‍ത്ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിനായി നിരവധി ഗവേഷണങ്ങളാണ് ഇവര്‍ക്ക് നടത്തേണ്ടിവന്നത്. ആ കാലഘട്ടത്തിലെ ജാതി, മതം, ഉയന്ന ജാതിക്കാരുടേയും താഴ്ന്ന ജാതിക്കാരുടേയും സംസാര രീതി, നിയമ സംവിധാനം തുടങ്ങിയവയെക്കുറിച്ചൊക്കെ അന്വേഷിച്ചിരുന്നു. കാളവണ്ടിയില്‍ നിന്ന് ചാടി ഇറങ്ങുന്നവരുടേയും കുതിരയെ ഓടിക്കുന്നവരുടേയും മനസില്‍ എന്തായിരിക്കും എന്നുവരെ ചിന്തിച്ചു. നമ്മള്‍ക്ക് ആര്‍ക്കും അറിയാത്ത നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാനായെന്നാണ് സഞ്ജയ് പറയുന്നത്. ചരിത്രത്തിനും മിത്തിനും ഇടയില്‍ നില്‍ക്കുന്ന കഥാപാത്രമാണ് കൊച്ചുണ്ണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐതിഹ്യങ്ങളില്‍ നിന്നുകൊണ്ടുതന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത് എന്നാണ് സഞ്ജയ് പറയുന്നത്. പുതിയ കഥാപാത്രങ്ങളെയൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഐതിഹ്യത്തിന്റെ ഭാഗമായ കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ചില കഥാപാത്രങ്ങള്‍ക്ക് പേര് നല്‍കിയിട്ടുണ്ട്. മാത്രമല്ല ചിലരുടെ പേരുകള്‍ കണ്ടെത്തുകയും ചെയ്തു. കൊച്ചുണ്ണി സ്നേഹിക്കുന്ന ജാനകി അങ്ങനെ കണ്ടെത്തിയതാണ് അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരന്റെ രൂപമുള്ളതും ഹീറോയിക് പരിവേഷമില്ലാത്തുമായ ഒരാളെയായിരുന്നു ആവശ്യമെന്നും അതിനാലാണ് നിവിന്‍ പോളിയിലേക്ക് എത്തുന്നതെന്നും സഞ്ജയ് പറഞ്ഞു. കായംകുളം കൊച്ചുണ്ണിയുടെ മുന്‍ഗാമിയാണ് ഇത്തിക്കരപ്പക്കി. കഥാപാത്രം എഴുതുമ്പോള്‍ തന്നെ മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നത്. ഇത്തിക്കരപ്പക്കിയെ വ്യത്യസ്തനാക്കുന്നതിനായാണ് അത്തരത്തിലുള്ള വേഷത്തില്‍ അവതരിപ്പിച്ചത്. വിദേശ വ്യാപാരികളില്‍ നിന്ന് തട്ടിയെടുക്കുന്ന വേഷങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്. വളരെ സാഹസികനായ ഒരു വ്യക്തിയാണ് അദ്ദേഹം. ഒരു മരത്തില്‍ നിന്ന മറ്റൊരു മരത്തിലേക്ക് ചാടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment