ഓണത്തിന് 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ്,മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതിന് 14.72 കോടി രൂപ ചെലവ് വരും.

കേരളത്തിലെ 222 മത്സ്യബന്ധന ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സീ റെസ്‌ക്യൂ സ്‌ക്വാഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ 15 മത്സ്യത്തൊഴിലാളികള്‍ വീതമുളള അഞ്ച് ഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കും. കടലിലെ രക്ഷാപ്രവര്‍ത്തനം, പവര്‍ബോട്ട് കൈകാര്യം ചെയ്യല്‍, കടല്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയില്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.ഇതിനാവശ്യമായ 7.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴിലുളള ഹോസ്റ്റലുകളില്‍ വാച്ച്മാന്‍മാരുടെ 100 തസ്തികകള്‍ സൃഷ്ടിക്കും. പി.എസ്.സി വഴി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരെ മാത്രമാണ് ഈ തസ്തികകളില്‍ നിയമിക്കുക.

സംസ്ഥാനത്തെ മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നതിനുളള ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. മദ്രസ അധ്യാപകരുടെ പെന്‍ഷന്‍, ചികിത്സാ ആനുകൂല്യം, മക്കളുടെ വിവാഹത്തിനുളള ധനസഹായം, വനിതാ അംഗങ്ങള്‍ക്കുളള പ്രസവാനുകൂല്യം തുടങ്ങിയവ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുന്നത്.

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യത്തിന് തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുന്ന സംവിധാനം കൊണ്ടുവരുന്നതാണ് പുതിയ നിയമം. ഫിഷ് ലാന്റിംഗ് സെന്റര്‍, ഫിഷിങ് ഹാര്‍ബര്‍, ഫിഷ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ മത്സ്യലേലം നടത്തുന്നതിന് ഇടത്തുകാരുടെ ചൂഷണം തടയും.ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്നതുവരെ മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും വ്യവസ്ഥയുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment