അണക്കെട്ട് തുറന്നാല്‍ എറണാകുളം ജില്ലയെ ബാധിക്കുമോ..?

കൊച്ചി: ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള അറിയിച്ചു. അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പരത്തരുത്. അണക്കെട്ടുകളുടെ ഷട്ടര്‍ ഉയര്‍ത്തേണ്ടി വന്നാല്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് ഔദ്യോഗികമായി മാധ്യമങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം സ്വീകരിച്ചിട്ടുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്.

ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനു ശേഷമേ അണക്കെട്ടുകള്‍ തുറക്കൂ. ഇതുവരെ ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ. മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കും. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും.

ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. എറണാകുളത്ത് ആലുവ യൂത്ത് ഹോസ്റ്റലില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം നിലയുറപ്പിച്ചിട്ടുണ്ട്. തൃശൂരിലും ഒരു സംഘം സജ്ജമാണ്. ഒരു സംഘം ഇടുക്കിയിലും എത്തും.

കരസേന, നാവികസേന, വായുസേന, കോസ്റ്റ് ഗാര്‍ഡ് എന്നിവ ജാഗരൂകരായി ഇരിക്കുവാനുള്ള സന്ദേശം നല്‍കിക്കഴിഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വായു സേനയുടെ ഒരു എംഐ17വി ഹെലികോപ്ടറും എഎല്‍എച്ച് ഹെലികോപ്ടറും സദാ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. നാവികസേനയും കരസേനയുടെയും നാല് കമ്പനി പട്ടാളക്കാരെയും വിന്യസിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. എറണാകുളത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായ ചെറു ബോട്ടുകളുമായി കോസ്റ്റ് ഗാര്‍ഡ് സംഘവും തയാറാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അതാതു സമയങ്ങളില്‍ ആവശ്യമായ നിര്‍ദ്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment