കൊച്ചി: അഭിമന്യു വധം ആസൂത്രണം ചെയ്തതില്‍ ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫക്ക് പങ്കെന്ന് പൊലീസ്. റിഫ ഗൂഢാലോചനയില്‍ പങ്കെടുത്തു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ 26ാം പ്രതിയാണ് റിഫ. കൊല നടത്തിയതാരെന്ന് ഇനിയും വ്യക്തമായിട്ടില്ല. കൃത്യത്തില്‍ പങ്കെടുത്ത 9 പ്രതികളെ പിടികൂടാനുണ്ട്. നിലവില്‍ 26 പേരാണ് പ്രതിപട്ടികയിലുള്ളത്. ഇതുവരെ പിടികൂടിയത് 17 പ്രതികള്‍. ഇതില്‍ ആറ് പേര്‍ നേരിട്ട് പങ്കെടുത്തവരാണ്.
ഒടുവില്‍ അറസ്റ്റിലായ മുഹമ്മദ് റിഫയുടെ മൊഴികളാണു കൊലയാളി സംഘത്തെ തിരിച്ചറിയാന്‍ സഹായിച്ചത്. മഹാരാജാസ് ക്യാംപസിലേക്കു കൊലയാളി സംഘത്തെ വിളിച്ചുവരുത്തിയതു നിയമവിദ്യാര്‍ഥിയായ റിഫയാണ്. കോളജിലെ ചുവരെഴുത്തു സംബന്ധിച്ച തര്‍ക്കത്തില്‍ റിഫ നേരത്തെ ഇടപെട്ടിരുന്നു. കര്‍ണാടകയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണു റിഫ അടക്കമുള്ള പല പ്രതികള്‍ക്കും ബെംഗളൂരുവില്‍ ഒളിത്താവളം ഒരുക്കിയത്. കേസിലെ ഒന്നാം പ്രതി ജെ.ഐ. മുഹമ്മദ് ഉള്‍പ്പെടെ 14 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 23 -ാം പ്രതി സൈഫുദ്ദീന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു.
അഭിമന്യുവിനെ ആക്രമിച്ച കൊലയാളിസംഘത്തിനു കൊലക്കത്തിയടക്കമുള്ള മാരകായുധങ്ങള്‍ എത്തിച്ചതു പള്ളുരുത്തി സ്വദേശി പി.എച്ച്. സനീഷാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കത്തിക്കു പുറമെ ഇടിക്കട്ട, വടിവാള്‍, കുറുവടി എന്നിവയും പ്രതി സനീഷ് ക്യാംപസിലെത്തിച്ചിരുന്നു. അങ്കമാലിയിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനുവേണ്ടി മൂന്നു വ്യത്യസ്ത കുറ്റവാളി സംഘങ്ങളെ (ക്രിമിനല്‍ ലെയര്‍) റിക്രൂട്ട് ചെയ്ത ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബ്ബാര്‍, നൗഷാദ്, അബ്ദുല്‍ നാസര്‍ എന്നിവരാണു കൊലപാതകത്തിനു ശേഷം ഒളിവില്‍ കഴിയുന്നത്. പള്ളുരുത്തി സംഘത്തെ നയിച്ചതു സനീഷാണ്. അഭിമന്യുവിനെ കുത്തുന്നതിനു മുന്‍പു കത്തിവീശി ഭീകരാന്തരീഷം സൃഷ്ടിച്ചതു സനീഷാണെങ്കിലും കൊലനടത്തിയത് ഇയാളാണെന്നു വ്യക്തമായിട്ടില്ല.
കൊലപാതകം ആസൂത്രിതമാണെന്നും അക്രമികളെ കടത്തിക്കൊണ്ടുപോകാന്‍ പ്രത്യേകം വാഹനം ഏര്‍പ്പാടാക്കിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
Leave a Comment