റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; ആലുവ സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ശ്രമം

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം.ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധം. ഓഫീസിലുള്ളവര്‍ ഇടപെട്ട് അബ്ദു റഹ്മാനെ പിന്തിരിപ്പിക്കുകയായിരുന്നു.

റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി കഴിഞ്ഞ ഒന്നര വര്‍ഷമായി സപ്‌ളൈ ഓഫീസില്‍ കയിറിങ്ങുകയായിരുന്നു അബ്ദുറഹ്മാന്‍. കഴിഞ്ഞ ദിവസവും ഓഫീസിലെത്തിയിരുന്നു. എന്നാല്‍, സമയം എടുക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ തിരിച്ചയയ്ക്കുകയായിരുന്നു. ഇതില്‍ നിരാശനായാണ് അബ്ദുറഹ്മാന്‍ ആത്മഹത്യാശ്രമം നടത്തിയത്.

ഇന്ന് ഉച്ചയോടെ ഓഫീസിലെത്തിയ അബ്ദുറഹ്മാന്‍ ശരീരത്ത് പെട്രോള്‍ ഒഴിച്ച ശേഷം ഓഫീസിലേക്ക് ഓടിക്കയറി. ഓഫീസിനുള്ളില്‍ വച്ച് തീ കൊളുത്താനായിരുന്നു ലക്ഷ്യം. എന്നാല്‍, ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് അബ്ദുറഹ്മാനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി

pathram desk 1:
Related Post
Leave a Comment