കൊച്ചി: ഡോ. ബിജുവിന് പിന്നാലെ തെറിവിളിയില്‍ സഹികെട്ട് നടി സജിത മഠത്തിലും തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാകുന്നില്ലെന്നും അതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചിലപ്പോള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്യേണ്ടി വന്നേക്കുമെന്നും സജിത കുറിച്ചു.
വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമായ സജിത, നടന്‍ മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടിരുന്നു. ഇത് പൂര്‍ണ ബോധ്യത്തോടെയാണെന്ന് പിന്നീട് ഇവര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സജിത മഠത്തിലിനും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച മറ്റ് സിനിമാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് നേരെയും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതേ വിഷയത്തില്‍ ഇടപെട്ട സംവിധായകന്‍ ഡോ. ബിജുവും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പേജ് ഡിലീറ്റ് ചെയ്തിരുന്നു.
നേരത്തേ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ എതിര്‍ത്ത് രംഗത്തെത്തിയ താരങ്ങള്‍ക്കും പാര്‍വ്വതി നടന്‍ മമ്മൂട്ടിയുടെ സിനിമയെ കുറിച്ച് വിമര്‍ശമനം ഉന്നയിച്ചതിനെ പിന്തുണച്ച താരങ്ങള്‍ക്കും സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പാര്‍വ്വതിയെ തെറി വിളിച്ച ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമയെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സജിത മഠത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യമോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു. ഈ പ്രൊഫൈല്‍ പേജും തല്‍ക്കാലം ഡീആക്ടിവേറ്റ് ചെയ്യേണ്ടി വരും.
Leave a Comment