യൂണിഫോമില്‍ മീന്‍ വിറ്റ ഹനാന്‍ ഇനി പ്രണവ് മോഹന്‍ലാലിന്റെ കൂടെ വെള്ളിത്തിരയിലേക്ക്‌

കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളോട് ഒറ്റയ്ക്കു പൊരുതി കരകയറാനുള്ള ഹനാന്റെ ശ്രമങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം. കൊച്ചി പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി ഇനി വെള്ളിത്തിരയിലേക്ക്.പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന അരുണ്‍ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ് ഹനാന്‍ സിനിമാലോകത്തേക്കെത്തുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം.

ഹനാന്റെ ദുരിതജീവിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് സംവിധായകന്‍ അരുണ്‍ഗോപി അറിയുന്നത്. കൊച്ചി പാലാരിവട്ടം തമ്മനം ജംക്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ജീവിതം അറിഞ്ഞുടന്‍ തന്നെ അരുണ്‍ അവളെ വിളിക്കുകയായിരുന്നു.ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. അങ്ങനെയുള്ള ഒരു പെണ്‍കുട്ടിക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ സാധിക്കുന്ന സഹായം ചെയ്യണമെന്നുണ്ട്. സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുണ്‍ ഗോപി പറയുന്നു.

തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞു. അതോടെ അമ്മ മാനസികമായി തളര്‍ന്നു. പ്ലസ്ടുവിന് പഠിക്കുന്ന അനിയനെ വളര്‍ത്താനും സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായാണ് ഹനാന്‍ മീന്‍ വില്‍ക്കാന്‍ ഇറങ്ങിയത്.പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് ഹനാന്‍ വീടുപോറ്റിയത്. അങ്ങനെയാണ് കോളജില്‍ ചേരാനുള്ള പണം കണ്ടെത്തിയത്. തുടര്‍പഠനത്തിനും മറ്റുമായി കുടുംബം തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി.

ഹനാന്റെ ഒരു ദിനം തുടങ്ങുന്നത് പുലര്‍ച്ചെ മൂന്നു മണിക്കാണ്. ഒരു മണിക്കൂര്‍പഠനത്തിനുശേഷം സൈക്കിള്‍ ചവിട്ടി നേരെ ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. അവിടെ മീന്‍ ഇറക്കിവച്ച് അവള്‍ വീട്ടിലേക്ക് മടങ്ങും. പിന്നീട് കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ കോളജിലേക്ക്. അവിടെ 9.30ന് തുടങ്ങുന്ന പഠനം അവസാനിക്കുന്നത് മൂന്നരയ്ക്ക്. പിന്നെ വീണ്ടും സൈക്കിളില്‍ നേരെ ചമ്പക്കര മാര്‍ക്കറ്റിലേക്കും.

ഇതിനിടെ എറണാകുളത്തെ ഒരു കോള്‍സെന്ററില്‍ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ മൂന്നാംവര്‍ഷ രസതന്ത്ര വിദ്യാര്‍ത്ഥിനിയാണ് ഹനാന്‍.

pathram desk 2:
Related Post
Leave a Comment