പകല്‍ പഠനം, വൈകിട്ട് യൂണിഫോമില്‍ മത്സ്യവില്‍പ്പന!!! വിധിക്കെതിരെ പൊരുതി ഹനാന്‍

കൊച്ചി: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന ഇന്നത്തെ യുവതലമുറ തൃശൂര്‍ സ്വദേശിനി ഹനാന്‍ എന്ന പെണ്‍കുട്ടിയെ കണ്ടുപഠിക്കണം. ജീവിതപ്രരാബ്ധങ്ങളില്‍ തളരാതെ അതിനോട് പടവെട്ടി ഒരുപിടി സ്വപ്‌നങ്ങളുമായി ജീവിതമാകുന്ന തോണി തുഴയുകയാണ് ഈ കോളേജ് വിദ്യാര്‍ഥിനി. പാലാരിവട്ടം തമ്മനം ജംഗ്ഷനിലെ വൈകുന്നേരങ്ങളിലെ പതിവ് കാഴ്ചയാണ് കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന ഒരു പെണ്‍കുട്ടി. ഇതുവഴി പോകുന്ന യാത്രക്കാര്‍ക്ക് പലര്‍ക്കും അവള്‍ സുപരിചിതയാണ്.

പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങും ഹനാന്റെ ഒരു ദിവസം. ഒരു മണിക്കൂര്‍ പഠനത്തിന് ശേഷം കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്കൊരു യാത്ര. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക് മറ്റൊരു യാത്ര. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതോടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകും.

മീന്‍ വാങ്ങിവെച്ച് മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്. 9.30ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസ് ആരംഭിക്കും. മൂന്നരയ്ക്ക് കോളേജ് വിടും. മറ്റെവിടെയും ചുറ്റിയടിക്കാതെ തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം.

ഡോക്ടറാവണമെന്നായിരുന്നു സ്വപ്നം. സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. അവിടെനിന്ന് വല്ലുവിളികളോടുള്ള പോരാട്ടമായിരുന്നു. എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളെജ് പഠനത്തിന് പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.

സഹോദരന്‍ പ്ലസ് ടുവിന് പഠിക്കുന്നു. ഇതിനിടെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. ഇതോടെ അമ്മ മാനസികമായി തകര്‍ന്നു. 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്. ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി.

നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ് ഹനാന്‍. കഴിവ് തിരിച്ചറിഞ്ഞ കലാഭവന്‍ മണി പല പരിപാടികളിലും പങ്കെടുപ്പിച്ചിരുന്നു. കോളെജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. ജീവിതത്തില്‍ നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം. അവളുടെ കഠിനാധ്വാനത്തിനുമുന്നില്‍ വിധി വരെ തോറ്റുപോകുകയാണ്.

Hanan KH

Account Number: 20310100057578

Federal Bank, Lulu Mall Kochi Branch

IFSC Code: FDRL0002031

pathram desk 1:
Related Post
Leave a Comment