ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ല; മകളാണെന്ന് അവകാശപ്പെടുന്ന യുവതിയുടെ നീക്കം സ്വത്ത് തട്ടലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. മകളാണെന്ന് അവകാശപ്പെടുന്ന യുവതി സ്വത്ത് തട്ടാനാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണന്‍ ഹൈക്കോടതിയില്‍ ആരോപിച്ചു. ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളുരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം പറഞ്ഞത്.

ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമുള്ള വീഡിയോ ക്‌ളിപ്പും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. ജയലളിതയുടെ മകളാണ് എന്ന അവകാശവാദം ഉന്നയിച്ച് അമൃത സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനന തിയതി 1980 ഓഗസ്റ്റ് ആണെന്ന് കാണിച്ചിരുന്നു. ഈ വാദത്തെ പൊളിക്കാന്‍ 1980 ല്‍ വാദി പറഞ്ഞിരുന്ന ജനന തിയതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌ക്കാര ചടങ്ങിന്റെ വീഡിയോ ക്‌ളിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്.

വീഡിയോയില്‍ ജയലളിത ഗര്‍ഭിണിയായിരുന്നു എന്നതിന്റെ ഒരു തരത്തിലുമുള്ള സൂചനകളും ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മകളാണെന്ന് അവകാശപ്പെടുന്ന പരാതിക്കാരിക്ക് ജയലളിതയുമായി ഒന്നിച്ചുള്ള ഒരു ചിത്രം പോലും എടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു. കേസില്‍ വിധി പറയുന്നത് അടുത്താഴ്ചത്തേക്ക് നീക്കി വെച്ചിരിക്കുകയാണ്.

pathram desk 1:
Related Post
Leave a Comment