ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ട് പോലീസുകാര്‍ക്ക് വധശിക്ഷ; സര്‍വ്വീസിലുള്ള പോലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് ആദ്യം

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ആദ്യരണ്ട് പ്രതികളായ പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി എഎസ്‌ഐ കെ. ജിതകുമാറിനും രണ്ടാം പ്രതി സിപിഒ എസ്.വി ശ്രീകുമാറിനുമാണ് വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് രണ്ട് ലക്ഷം രൂപ പിഴയും ഈടാക്കും. പിഴ തുകയായ നാല് ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍വീസിലുള്ള പൊലീസുകാര്‍ക്ക് വധശിക്ഷ കിട്ടുന്നത്.

അതേസമയം, കേസിലെ നാല്, അഞ്ച് ആറ് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും 5,000 രൂപ പിഴയും വിധിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. അജിത് കുമാര്‍, മുന്‍ എസ്പിമാരായ ഇ.കെ സാബു, ടി.കെ ഹരിദാസ് എന്നിവരാണ് പ്രതികള്‍. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മൂന്ന് വര്‍ഷം തടവുള്ളവര്‍ക്ക് കോടതി ജാമ്യം നല്‍കി. പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചത്.

2005 സെപ്റ്റംബര്‍ 27നാണു മോഷണ കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെടുന്നത്. കേസില്‍ നിര്‍ണായക വഴിത്തിരിവായത് അന്നത്തെ തിരുവനന്തപുരം ആര്‍.ഡി.ഒ.യുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോലീസുകാര്‍ സംഘം ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെ അന്നത്തെ ആര്‍.ഡി.ഒ. കെ.വി. മോഹന്‍കുമാറിന് അതിജീവിക്കാന്‍ കഴിഞ്ഞതാണ് കേസിന്റെ ഗതിമാറ്റിയത്.

നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മോഷണക്കേസ് പ്രതി അവിടെവെച്ച് മരിച്ചെന്നാണ് ആര്‍.ഡി.ഒ.യ്ക്ക് കിട്ടിയ പോലീസ് റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മൃതദേഹപരിശോധനയ്ക്കായി അദ്ദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിയത്. മുണ്ടുടുത്ത് കിടക്കുന്ന ഒരു യുവാവ്. കാഴ്ചയില്‍ കാര്യമായ പരിക്കൊന്നുമില്ല. എങ്കിലും യുവാവിന്റെ മുണ്ട് അഴിച്ചുമാറ്റി പരിശോധിച്ചു. തുടയില്‍ ബീറ്റ്റൂട്ടിന്റെ നിറത്തില്‍ വലിയ പാടുകള്‍. അടുത്തുനിന്ന സീനിയര്‍ പോലീസ് ഓഫീസര്‍ പെട്ടെന്ന് പറഞ്ഞു: ”അത് സ്‌കിന്‍ ഡിസീസാണ് സോറിയാസിസ്”.

വിശ്വാസം വരാത്തതിനാല്‍, ആര്‍.ഡി.ഒ. കരുവാളിച്ചുകിടക്കുന്ന ആ പാടുകളില്‍ തൊട്ടുനോക്കി. പഴുത്ത ചക്കയില്‍ തൊടുംപോലെ വിരലുകള്‍ താഴ്ന്നുപോയി. സോറിയാസിസ് അല്ലെന്ന് ആര്‍.ഡി.ഒ.യ്ക്ക് മനസ്സിലായി. സംശയം തോന്നിയ അദ്ദേഹം മൃതദേഹം വിശദമായി പരിശോധിച്ചു. ഉപ്പൂറ്റിയില്‍ അടിയേറ്റ പാടുകള്‍. ശരീരത്തില്‍ പലയിടത്തും ഉരഞ്ഞപാടുകളും ചെറിയ പരിക്കുകളും.

കസ്റ്റഡിമരണം സംശയിക്കുന്നുവെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെക്കൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തണമെന്നും ആര്‍.ഡി.ഒ. റിപ്പോര്‍ട്ടിലെഴുതി. ഇതോടെ സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്ക് തട വീണു. മൃതദേഹത്തിന്റെ തുടയില്‍ കത്തി തൊട്ടപ്പോള്‍ കറുത്ത ചോര ചീറ്റിത്തെറിക്കുന്നതുകണ്ട് പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍മാര്‍ അമ്പരന്നു. അവര്‍ പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി. കടുപ്പമുള്ള എന്തോ ഉപകരണംകൊണ്ട് തുടയില്‍ ശക്തിയായി ഉരുട്ടിയതാണ് മരണകാരണം എന്നായിരുന്നു കണ്ടെത്തല്‍.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ആര്‍.ഡി.ഒ. ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉരുട്ടിക്കൊലയാണെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കി. പിന്നീട് കോടതിയില്‍ ശക്തമായ മൊഴിയും നല്‍കി. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് കെ.വി. മോഹന്‍കുമാര്‍.

pathram desk 1:
Related Post
Leave a Comment