കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; രണ്ടാനമ്മയും അച്ഛനും പിടിയില്‍

കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ചട്ടുകം പഴുപ്പിച്ചു ശരീരമാസകലം പൊള്ളിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തഴവ ആദിത്യവിലാസം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കാണു ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ കുട്ടിയുടെ കാലില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അധ്യാപിക പരിശോധിച്ചപ്പോഴാണു ശരീരത്തില്‍ പതിനൊന്നോളം പൊള്ളിച്ച പാടുകള്‍ കണ്ടെത്തിയത്. കുട്ടിയോടു വിവരങ്ങള്‍ ചോദിച്ചപ്പോള്‍ കിടക്കയില്‍ മൂത്രം ഒഴിക്കുന്നതിനാണ് പൊള്ളിച്ചതെന്നും മുറിവ് അറിയാതിരിക്കാന്‍ അച്ഛന്‍ തേന്‍ പുരട്ടി തന്നുവെന്നും അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ കരുനാഗപ്പള്ളി പോലീസിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.

അവര്‍ എത്തിയാണു കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊള്ളലുകള്‍ക്ക് ഒരാഴ്ചത്തെ പഴക്കമുണ്ടെന്ന ആശുപത്രി അധികൃതര്‍ പറഞ്ഞു. എസ്.ഐ: ശ്യാംകുമാര്‍, ഉമറുല്‍ ഫാറൂഖ്, ഷാഡോ അംഗങ്ങളായ ഷാജിമോന്‍, ശ്രീകുമാര്‍, സനീഷ, പ്രഭ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

pathram desk 1:
Related Post
Leave a Comment