കോഴിക്കോട് കരിമ്പനി സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മധ്യവയസ്‌കനില്‍

കോഴിക്കോട്: പേരാമ്പ്ര സൂപ്പിക്കടയില്‍ കരിമ്പനി സ്ഥിരീകരിച്ചു. മധ്യവയസ്‌കനിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലത്തെ മലയോര മേഖലകളില്‍ ഈ പനി പടര്‍ന്നു പിടിച്ചിരുന്നു. കോഴിക്കോട് പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി.

കോഴിക്കോട് ഡി.എം.ഒ (മാസ്മീഡിയ) ഇസ്മാഈല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് കുമാരന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. ആലി, ചങ്ങരോത്ത് മെഡിക്കല്‍ ഓഫിസര്‍ ബിജേഷ് ഭാസ്‌കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. എന്നാല്‍, പ്രദേശത്ത് രോഗം പടര്‍ത്തുന്ന മണലീച്ചയെ കണ്ടെത്താനായില്ല.

രോഗലക്ഷണം കണ്ട വ്യക്തിയുമായി ബന്ധപ്പെടുന്നവരില്‍ നടത്തിയ പരിശോധനയില്‍ ആര്‍ക്കും പനിലക്ഷണങ്ങളും കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. അതിനാല്‍, രക്തത്തിലൂടെ പകര്‍ന്നതാകാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.

ഇയാള്‍ രണ്ടാഴ്ച മുമ്പ് മറ്റൊരസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് രണ്ടു യൂണിറ്റ് രക്തം സ്വീകരിച്ചിരുന്നു. അതുവഴി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതാകാമെന്നു കരുതുന്നു. മണലീച്ചകളുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടോ എന്നറിയാനും പഠിക്കാനും സംസ്ഥാന എന്റോമോളജി വകുപ്പിലെ വിദഗ്ധര്‍ സൂപ്പിക്കട സന്ദര്‍ശിക്കും. നേരത്തെ നിപ്പ വൈറസ് ഭീതി വിതച്ചത് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പിക്കടയിലായിരുന്നു. നിപ്പാ ബാധിച്ച് 13 പേരാണ് മരിച്ചിരുന്നത്.

pathram desk 1:
Related Post
Leave a Comment